ജിദ്ദ: ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക പിന്നാക്കാവസ്ഥയെ ക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് ചെയ്യാൻ ഒന്നാം യു പി എ സർക്കാർ നിയോഗിച്ച സച്ചാർ കമ്മീഷൻ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ ദുരിതപൂർണ്ണമായ പിന്നാക്കാവസ്ഥക്ക് പരിഹാരമായി നിർദ്ദേശിച്ച ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ മറ്റ് സംസ്ഥാനങ്ങളെപ്പലെ കേരളത്തിലും പൂർണ്ണമായും മുസ്‌ലിം സമുദായത്തിന് നൽകണമെന്ന് ജിദ്ദ കെ.എം.സി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെ യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു . രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് വഴി നടത്താൻ വലിയ ജീവത്യാഗം ചെയ്ത മുസ്‌ലിം സമൂഹത്തെ ദേശീയ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ട് വരാൻ വേണ്ടി സച്ചാർ കമ്മീഷൻ മുന്നോട്ട് വെച്ച പരിഹാരമാർഗ്ഗങ്ങൾ രണ്ടാം യു പി എ സർക്കാർ നടപ്പാക്കിയപ്പോൾ അവയിൽ ചില പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അന്നത്തെ കേന്ദ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. അന്ന് കേരളം ഭരിച്ച വി.എസ് സർക്കാർ രാഷ്ട്രീയ മുതലെടുപ്പിനായി സച്ചാർ കമ്മീഷൻ കേരളത്തിൽ പാലോളി കമ്മീഷനാക്കി മാറ്റി. പേര് മാത്രമല്ല പദ്ധതിയുടെ ലക്ഷ്യം തന്നെ താളം തെറ്റിക്കുകയായിരുന്നു.
മുസ്‌ലിം സമുദായത്തിന് മാത്രം അവകാശപ്പെട്ട പദ്ധതി ആനുകൂല്യങ്ങൾ 80:20 എന്ന തോതിൽ മറ്റ് ന്യൂനപക്ഷങ്ങൾക്കായ് വീതം വെച്ചത് പൊറുക്കാനാവാത്ത പാതകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഒന്നാം പിണറായി സർക്കാർ ക്ഷേമ പദ്ധതികൾക്കും സ്കോളർഷിപ്പിനും മുസ്‌ലിം എന്നതിന് പകരം ന്യൂനപക്ഷം എന്നാക്കി മാറ്റി. കേരളത്തിൽ ക്രൈസ്തവ വർഗ്ഗീയ വാദികളും സംഘ് പരിവാരും മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ആയുധമാക്കിയിട്ടും ഇടത് സർക്കാർ മൗനം പാലിച്ചത് മുസ്‌ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കാനായിരുന്നു. പ്രചണ്ഡമായ മുസ്‌ലിം വിരുദ്ധ പ്രചാരണം കൊണ്ട് കേരളത്തിന്റെ സാമൂഹിക മണ്ഡലം മലീമസമായിട്ടും സി പി എമ്മും ഇടത് സർക്കാറും തന്ത്രപരമായി മൗനം പാലിച്ചത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു എന്ന് യോഗം ചൂണ്ടിക്കാട്ടി.
ഇപ്പോൾ കളള പ്രചാരണം കോടതിയിലെത്തി കോടതിയെ തെറ്റിദ്ധരിപ്പിച്ച് ക്ഷേമ പദ്ധതി തന്നെ ഇല്ലാതായിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് മുസ്‌ലിം സമുദായത്തോട് ചെയ്യുന്ന കൊടും വഞ്ചനയാണെന്ന് യോഗം കുറ്റപ്പെടുത്തി. സച്ചാർ കമ്മീഷൻ വഴിയുളള ആനുകൂല്യങ്ങൾ പൂർണ്ണമായി മുസ്‌ലിംകൾക്ക് നൽകുകയും മറ്റു നൂനപക്ഷങ്ങൾ അവശത അനുഭവിക്കുന്നുണ്ടെങ്കിൽ അവർക്കായി പ്രത്യേകമായ പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് വേണ്ടത് എന്നും യോഗം അഭിപ്രായപ്പെട്ടു.
ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം പോയ മുസ്‌ലിം സമുദായത്തിന് ഭരണഘടനയും സർക്കാർ സംവിധാനങ്ങളും കൊണ്ട് വന്ന പദ്ധതികൾ ഒന്നും കാലാകാലങ്ങളിൽ പൂർണ്ണ തോതിൽ മുസ്‌ലിംകൾക്ക് ലഭിക്കാതെ പോയിട്ടുണ്ട്. സംവരണത്തിൽ തന്നെ പലപ്പോഴും അട്ടിമറികൾ നടന്നിട്ടുണ്ട്. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം അഞ്ച് വർഷം കൊണ്ട് മാത്രം പതിനെട്ടായിരം സർക്കാർ ജോലി തസ്തികകളാണ് മുസ്‌ലിംകൾക്ക് നഷ്ടമായത്. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന് മുമ്പും ശേഷവുമായി പതിനായിരക്കണക്കിന് അർഹമായ അവസരങ്ങൾ മുസ്‌ലിംകൾക്ക് നഷ്ടപെട്ടിട്ടുണ്ട്. എന്നിട്ടും അനർഹമായി മുസ്‌ലിംകൾ പലതും നേടിയെടുക്കുന്നു എന്ന പ്രചാരണം കേരളത്തിൽ സർവ്വത്ര സജീവമാണ്. ഇതിനൊക്കെ ഒരു വ്യക്തത വരുത്താനും തെറ്റിദ്ധാരണകൾ ഒഴിവാക്കാനും വർഗ്ഗീയ പ്രചാരണത്തിന് അറുതി കുറിക്കാനും കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും സർക്കാർ സാർവ്വീസിലും മറ്റു മേഖലയിലും ആർക്കൊക്കെ എത്രയൊക്കെ അവസരങ്ങളും ആനുകൂല്യങ്ങളും ലഭിച്ചു എന്ന് വ്യക്തമാക്കുന്ന സമ്പൂർണ്ണ ധവളപത്രം പുറത്തിറക്കണമെന്ന് ജിദ്ദ കെ.എം.സി.സി. സർക്കാറിനോട് അഭ്യാർത്ഥിച്ചു.
യോഗത്തിൽ പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അൻവർ ചേരങ്കെ ചർച്ച ഉൽഘാടനം ചെയ്തു. നിസ്സാം മമ്പാട്, സി.കെ. റസാഖ് മാസ്റ്റർ, പി.സി.എ. റഹ്മാൻ, ഇസ്മായീൽ മുണ്ടക്കുളം, ലത്തീഫ് മുസ്‌ലിയാരങ്ങാടി , ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും ശിഹാബ് താമരകുളം നന്ദിയും പറഞ്ഞു