റിയാദ്: രാജ്യത്ത് മുഴുവൻ ആളുകൾക്കും രണ്ടാം കൊവിഡ് വാക്‌സിൻ വിതരണം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. അൽ ഇഖ്‌ബാരിയ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. നിലവിൽ തിരഞ്ഞെടുത്ത ഏതാനും കാറ്റഗറികൾക്ക് മാത്രമാണ് രണ്ടാം ഡോസ് വിതരണം വ്യാപകമായി നടക്കുന്നത്. എന്നാൽ, വരും ആഴ്ച്ചകളിൽ രാജ്യത്തെ മുഴുവൻ ആളുകൾക്കും തന്നെ രണ്ടാം ഡോസ് വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനുള്ള ഒരുക്കങ്ങൾ ആരോഗ്യ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് രാജ്യത്ത് രണ്ടാം ഡോസ് വൈകിപ്പിക്കുന്നതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയത്. രാജ്യത്ത് മുഴുവൻ ആളുകൾക്കും ചുരുങ്ങിയത് ആദ്യ ഡോസ് എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 11 മുതൽ മുഴുവൻ ആളുകൾക്കും രണ്ടാം ഡോസ് ഷെഡ്യൂളുകൾ ദീർഘിപ്പിച്ചതായുള്ള സന്ദേശം നൽകുകയായിരുന്നു. ഇപ്പോൾ രാജ്യത്തെ പകുതിയോളം ആളുകളിലേക്ക് ഒന്നാം ഡോസ് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതേ തുടർന്നാണ് രണ്ടാം ഡോസ് വിതരണവും ഉടൻ തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്. ഞായാറാഴ്ച വരെയുള്ള കണക്കനുസരിച്ച് 14,977,476 ആളുകൾക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞിട്ടുണ്ട്.
അതേസമയം, ആരോഗ്യ മേഖലയിൽ 82 ശതമാനം ജോലിക്കാർക്കും വാക്‌സിനേഷൻ പൂർത്തീകരിച്ചതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ 98 ശതമാനം ജോലിക്കാർക്കും തത്വമാൻ, തഅക്കദ് കേന്ദ്രങ്ങളിലെ 93 ശതമാനം ജോലിക്കാർക്കും വാക്‌സിനേഷൻ നടപടികൾ പൂർത്തീകരിച്ചതായി മന്ത്രാലയം പറഞ്ഞു.