Saturday, 27 July - 2024

ക്വാറന്റൈൻ നിയമ ലംഘനം; രണ്ട് ദിവസത്തിനിടെ അറസ്‌റ്റിലായത്‌ 150 ഓളം പേർ; കാത്തിരിക്കുന്നത് രണ്ടു ലക്ഷം റിയാൽ പിഴയും രണ്ടു വർഷം തടവും

റിയാദ്: സഊദിയിലെ വിവിധ പ്രവിശ്യകളിലായി ക്വാറന്റൈൻ നിയമം ലംഘിച്ചതിന്റെ പേരിൽ നിരവധി പേർ അറസ്‌റ്റിൽ. ശക്തമായ നിരീക്ഷണം നടക്കുന്നതിനിടെയും ക്വാറന്റൈനിൽ കഴിയേണ്ടവർ പുറത്തിറങ്ങിയതിന് തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്‌. ഇവർക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിച്ചതായും പിഴകൾ ചുമത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മക്കയിൽ ഐസൊലേഷൻ, ക്വാറന്റൈൻ നിയമം ലംഘിച്ച 113 പേരെയാണ് മന്ത്രാലയം അറസ്റ്റ് ചെയ്‌തിരിക്കുന്നത്‌. വൈറസ് ബാധയേറ്റ ഇവർ നിർബന്ധിത ക്വാറന്റൈനിൽ പോകേണ്ടവരായിരുന്നുവെങ്കിലും ഇവർ ഇത് ലംഘിക്കുകയായിരുന്നു. ഇതേ നിയമ ലംഘനത്തിന്റെ പേരിൽ ഹായിലിൽ നിന്നും 12 പേരെയും പോലീസ് അറസ്റ്റ് ചെയ്‌തു. ഏറ്റവും ഒടുവിൽ ഇന്ന് 18 പേരെ കൂടി അറസ്റ്റ് ചെയ്‌തതായാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. തബൂക്കിൽ നിന്നാണ് പതിനെട്ട് പേരെ അറസ്റ്റ് ചെയ്‌തത്‌.

ഐസൊലേഷൻ, ക്വാറന്റൈൻ നിയമം ലംഘിച്ച ഇവർക്കെതിരെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. രണ്ടു ലക്ഷം റിയാലും രണ്ടു വർഷത്തിൽ കൂടാത്ത തടവ് ശിക്ഷയുമാണ് ഇവരെ കാത്തിരിക്കുന്നത്. ചിലപ്പോൾ ഇവ രണ്ടും ഒരുമിച്ചോ ഓരോന്നായോ ചുമത്തപ്പെട്ടേക്കാം.

Most Popular

error: