Saturday, 27 July - 2024

സഊദിയിലെ തൊഴിൽ പരിഷ്കാരം വൻ വിജയം; തൊഴിൽ കേസുകൾ പകുതിയായി കുറഞ്ഞു

റിയാദ്: സഊദി തൊഴിൽ മന്ത്രാലയം അടുത്തിടെ നടപ്പാക്കിയ പുതിയ തൊഴിൽ പരിഷ്കാരം വിജയമെന്ന് റിപ്പോർട്ട്. ഇതിന്റെ ഫലമായി തൊഴിൽ കേസുകൾ പകുതിയായി കുറഞ്ഞതായാണ് കണക്കുകൾ. റിയാദിലെ ലേബർ കോടതി അസിസ്റ്റന്റ് പ്രസിഡന്റ് സുലൈമാൻ അൽ ദഫാസ് ആണ് കണക്കുകൾ വെളിപ്പെടുത്തി ഇക്കാര്യം വ്യക്തമാകുന്നത്. വിദേശ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കരാർ പ്രകാരമുള്ള നടപടികൾ, മുമ്പ് കോടതികളിൽ എത്തിയ പരാതികളിൽ പ്രതിഫലിച്ചതായി അദ്ദേഹം വ്യക്തമാക്കി.

അൽ അറേബിയ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കിയതിനുശേഷം കോടതികളിലെ തൊഴിൽ കേസുകളുടെ നിരക്ക് 50% കുറഞ്ഞുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. കോടതികളിൽ എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കേസുകൾ ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊരാളിലേക്ക് സേവനം കൈമാറുന്ന സ്പോൺസർഷിപ്പ് മാറ്റവും എക്സിറ്റ് വിസയുമായി ബന്ധപ്പെട്ടതുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, പുതിയ സംവിധാനത്തോടെ ഇക്കാര്യത്തിൽ വലിയൊരുളവ് വരെ പരിഹാരം കാണാനായതായാണ് റിപ്പോർട്ട്.

കൊറോണ പ്രതിസന്ധി ഘട്ടത്തിൽ രാജ്യം നിരവധി നിയമനിർമ്മാണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. കരാർ കാലവധി കഴിയുന്നതോടെ പുതിയ തൊഴിലിലേക്ക് മാറുകയോ ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് തിരിച്ചു പോകുകയോ ചെയ്യുനതടക്കം സ്വന്തമായി റീ എൻട്രി കരസ്ഥമക്കൽ, ഫൈനൽ എക്‌സിറ്റ് നേടൽ എന്നിവയുൾപ്പെടെയുള്ള പരിഷ്കാരങ്ങളാണ് തൊഴിൽ മന്ത്രാലയം നടപ്പിലാക്കിയിട്ടുള്ളത്.

Most Popular

error: