ദുബൈ: വിവിധ രാജ്യങ്ങൾ വിമാന സർവ്വീസ് വിലക്ക് ഏർപ്പെടുത്തിയതോടെ ഏറ്റവും കൂടുതൽ ദുരിതത്തിലായത് സാധാരണ പ്രവാസികളാണ്. പണക്കാരും വ്യവസായികളും ഇപ്പോഴും ആവശ്യമെങ്കിൽ മുറ പോലെ യാത്ര ചെയ്യുന്നുവെന്നതാണ് വാർത്തകൾ ബോധ്യപ്പെടുത്തുന്നത്. ഏറ്റവും ഒടുവിൽ കേരളത്തിൽ നിന്ന് ദുബൈയിൽ എത്തിചേർന്നത് രണ്ടു മലയാളി കുടുംബങ്ങളാണ്. എമിറേറ്റിന്റെ കൂറ്റൻ വിമാനത്തിലാണ് ഈ രണ്ടു കുടുംബങ്ങൾ കഴിന ദിവസം ദുബൈയിൽ ഇറങ്ങിയത്. നാദാപുരം സ്വദേശി ഹഫ്സയും നാല് മക്കളുമാണ് ആൾതിരക്കില്ലാത്ത എമിറേറ്റ്സിൽ ദുബൈയിൽ പറന്നിറങ്ങിയത്. കൊച്ചിയിൽ നിന്നുള്ള മറ്റൊരു കുടുംബവും ഇവർക്കൊപ്പമുണ്ടായിരുന്നു. 360 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനത്തിലാണ് രണ്ട് കുടുംബങ്ങൾ മാത്രം എത്തിയത്. ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം നാലിന് പുറപ്പെട്ട വിമാനം യു.എ.ഇ സമയം ആറിന് ദുബൈയിലെത്തി.
ജി.സി.സിയിലെ പ്രമുഖ കമ്പ്യൂട്ടർ സെയിൽസ് സ്ഥാപനമായ അൽ ഇർഷാദ് കമ്പ്യൂേട്ടഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂനുസ് ഹസന് ലഭിച്ച ഗോൾഡൻ വിസയാണ് ഭാര്യക്കും മക്കൾക്കും തുണയായത്. യു.എ.ഇയിലേക്ക് ഇന്ത്യക്കാർക്ക് യാത്രാവിലക്കുണ്ടെങ്കിലും ഗോൾഡൻ വിസയുള്ളവർക്ക് ഇപ്പോഴും യാത്ര അനുവദിക്കുന്നുണ്ട്. യൂനുസ് ഹസെൻറ സ്പോൺസർഷിപ്പിൽ ഹഫ്സക്കും മക്കളായ നിഹ്‌ല യൂനുസ്, നുജൂം യൂനുസ്, മുഹമ്മദ് ഹിലാൽ, മുഹമ്മദ് ഹാനി ഹംദാൻ എന്നിവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു.
1.80 ലക്ഷം രൂപയാണ് അഞ്ച് പേരുടെ ടിക്കറ്റിനായി ചെലവായത്. എമിറേറ്റ്സ് മാത്രമാണ് നിലവിൽ ഇത്തരമൊരു സൗകര്യമൊരുക്കുന്നത്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളില നിന്ന് എമിറേറ്റ്സ് ഇല്ലാത്തതിനാലാണ് കൊച്ചിയിൽ നിന്ന് ഇവർക്ക് യാത്ര ചെയ്യേണ്ടി വന്നത്. നാദാപുരത്ത് നിന്നും വളരെ ബുദ്ധിമുട്ടിയാണ് ഇവർ കൊച്ചിയിൽ എത്തിച്ചേർന്നത്.