Saturday, 27 July - 2024

ബഹ്‌റൈനിൽ കുടുങ്ങിയവരെ സഊദിയിലെത്തിക്കാൻ കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ; സാമൂഹ്യ സംഘടനകളും രംഗത്ത്

മനാമ: സഊദിയുടെ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ബഹ്‌റൈനിൽ കുടുങ്ങിയവരെ സഊദിയിലെത്തിക്കാനായി കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നു. സാമൂഹ്യ സംഘടനകൾ ഉൾപ്പെടെ വിവിധ ട്രാവൽസ് ഏജൻസികളുടെ സഹായത്തോടെയാണ് മനാമയിൽ നിന്ന് സഊദിയിലെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ സജ്ജീകരിക്കുന്നത്. ഇതിനകം അറുന്നൂറോളം ആളുകൾ സഊദിയിൽ എത്തിച്ചേർന്നതായാണ് റിപ്പോർട്ട്. ബാക്കിയുള്ളവരെയും ഉടൻ സഊദിയിലെത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മലയാളികൾ ഉൾപ്പെടെ 1000 ലധികം ഇന്ത്യക്കാരാണ് ബഹ്റൈനിൽ കുടുങ്ങിയതായി കണക്കാക്കുന്നത്. കൂടാതെ, പാകിസ്താൻ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിൽനിന്നുള്ള നിരവധി പേരും ഇവിടെ കുടുങ്ങിയിട്ടുണ്ട്.

കിങ് ഫഹദ് കോസ്‌വേ വഴി സഊദിയിൽ പ്രവേശിക്കാൻ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതാണ് യാത്രക്കാർക്ക് തിരിച്ചടിയായത്. ബഹ്റൈനിൽ 14 ദിവസത്തെ ക്വാറൻറീനുശേഷം സഊദിയിലേക്ക് പോകാനെത്തിയവരിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാത്തവരാണ്. ഇതേത്തുടർന്ന് മേയ് 20 മുതൽ ഇത് വഴിയുള്ള യാത്ര മുടങ്ങുകയായിരുന്നു. സ്വകാര്യ ട്രാവൽസുകളാണ് ഇപ്പോൾ യാത്ര സജ്ജീകരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു ചാർേട്ടഡ് വിമാനങ്ങളിലായി 330 പേർ സഊദിയിലെത്തി. ഇതോടെ ഏതാനും സർവ്വീസുകളിലായി 600 ഓളം യാത്രക്കാർ സഊദിയിൽ എത്തിയതായാണ് കണക്ക്.

ഇന്നത്തെ സർവ്വീസ് കൂടാതെ, ജൂൺ ഒന്ന്, രണ്ട്, അഞ്ച് തീയതികളിലും ട്രാവൽസ് ഏജൻസികൾ ചാർേട്ടഡ് സർവിസ് നടത്തുന്നുണ്ട്. ബഹ്‌റൈൻ കെ.എം.സി.സിയുമായി സഹകരിച്ചാണ് ഇന്നത്തെ സർവിസ് നടത്തുന്നത്. റിയാദിലേക്ക് 435 ദീനാറും ജിദ്ദയിലേക്ക് 460 ദീനാറുമാണ് യാത്രക്കാരിൽനിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. സഊദിയിലെത്തിയാൽ ആവശ്യമായ ഒരാഴ്ചത്തെ ഹോട്ടൽ താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെയാണ് ഈ തുക.

അതേസമയം, സഊദിയിലേക്കായി ബഹ്‌റൈനിൽ എത്തിചേർന്ന ഏതാനും മലയാളികൾ കൊവിഡ് പോസിറ്റിവ് ആയി ചികിത്സയിലാണ്. ചിലർ ഐ സി യു വിൽ അടിയന്തിര സാഹചര്യത്തിലാണ് കഴിയുന്നതെന്നും ബഹ്‌റൈനിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഇവർക്കു വേണ്ടിയുള്ള സഹായങ്ങളും വിവിധ സംഘടനകളും വ്യക്തികളും ട്രാവൽസുകളും സജ്ജീകരിച്ചിട്ടുണ്ട്.

Most Popular

error: