Saturday, 9 November - 2024

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സഹായഹസ്തം; 60 ടൺ ഓക്സിജൻ കൂടി അയച്ചു, 100 കണ്ടെയ്നറുകൾ കൂടി ഉടൻ അയക്കും

റിയാദ്: കൊവിഡിനെ തുടർന്ന് ദുരിതത്തിലായ ഇന്ത്യക്ക് സഊദി വീണ്ടും സഹായമയച്ചു. ഓക്സിജനു വേണ്ടി ബുദ്ധിമുട്ടുന്ന രോഗികൾക്ക് സഹായകമായി വീണ്ടും വൻ തോതിലുള്ള ഓക്സിജൻ ആണ് സഊദി അറേബ്യ അയച്ചത്. അടുത്ത ദിവസങ്ങളിൽ 60 ടൺ ലിക്വിഡ് ഓക്സിജൻ കൂടി സഊദി അറേബ്യയിൽ നിന്ന് അയച്ചു. മൂന്നു കണ്ടെയ്നറുകളിലായി അയച്ച ഇവ ഓക്സിജൻ ജൂൺ ആറിന് ഇന്ത്യൻ തുറമുഖത്തെത്തും. കൂടാതെ, ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം100 കണ്ടെയ്നറുകൾ കൂടി അയക്കാൻ തീരുമാനിച്ചതായാണ് വിവരം.

കഴിഞ്ഞ മാസം 80 ടൺ ലിക്വിഡ് ഓക്സിജനും മറ്റ് ചികിത്സാ സഹായങ്ങളും ദമ്മാം പോർട്ടിൽ നിന്ന് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും സഊദിയിൽ നിന്ന് ഓക്സിജൻ ഇന്ത്യയിലേക്ക് അയച്ചിരിക്കുന്നത്. കൊവിഡ് കാരണം പ്രതിസന്ധി അനുഭവിക്കുന്ന സൗഹൃദ രാജ്യങ്ങൾക്ക് മാനുഷികമായ സഹായങ്ങൾ എത്തിച്ചു കൊടുക്കുക എന്ന സംരംഭത്തിന്റെ ഭാഗമായാണ് സൗദി അറേബ്യയുടെ ഈ സഹായഹസ്തം.

സഊദി അറേബ്യ നൽകിയ മാനുഷിക സഹായത്തിനു ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ സഊദി സർക്കാരിനു ട്വിറ്ററിലൂടെ തങ്ങളുടെ നന്ദിയും കടപ്പാടും അറിയിച്ചു. 60 ടൺ ലിക്വിഡ് ഓക്സിജൻ അടങ്ങിയ മൂന്ന് കണ്ടെയ്നറുകൾ അയക്കാൻ സൗദി ഊർജ്ജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ നൽകിയ നിർദേശത്തെ ഞങ്ങൾ വളരെയധികം അഭിനന്ദിക്കുന്നു. ഇത്രയും ലിക്വിഡ് ഓക്സിജൻ ജൂൺ ആറിന് മുബൈയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും ശക്തമായ ബന്ധത്തിന്റെയും ആഴം പ്രതിഫലിപ്പിക്കുന്നതാണിതെന്നും ഇന്ത്യൻ പെട്രോളിയം മന്ത്രി പറഞ്ഞു.

Most Popular

error: