Saturday, 27 July - 2024

ഫിലിപ്പൈൻസ് പ്രതിഷേധം ഫലം കണ്ടു; ക്വാറന്റൈൻ ചിലവ് തൊഴിലാളികൾ വഹിക്കേണ്ട, തൊഴിലാളികളെ അയക്കുന്നത് പുനഃരാരംഭിച്ചു

ദുബൈ: ക്വാറന്റൈൻ അടക്കമുള്ള നിലവിലെ അധിക ചിലവ് തൊഴിലാളികൾക്ക് വഹിക്കാനാകില്ലെന്നും അതിന് പരിഹാരം കാണാതെ സഊദിയിലേക്ക് തങ്ങളുടെ തൊഴിലാളികളെ അയക്കുകയില്ലെന്നുമുള്ള ഫിലിപ്പൈൻസ് നിലപാടിന് പിന്നാലെ പരിഹാരം കണ്ടതായി റിപ്പോർട്ട്. ഫിലിപ്പൈൻസ് ഉന്നയിച്ച കാര്യങ്ങളിൽ പരിഹാരം കാണാനായതിനെ തുടർന്ന് തൊഴിലാളികളെ അയക്കേണ്ടെന്ന തീരുമാനം ഫിലിപ്പൈൻ പിൻവലിച്ചു. ഇക്കാര്യം മനിലയിലെ സഊദി എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്. തീരുമാനമായതിനെ തുടർന്ന് സഊദിയിലേക്കുള്ള ഫിലിപ്പൈൻ തൊഴിലാളികളുടെ വരവ് പുനഃസ്ഥാപിച്ചിട്ടുണ്ട്.
സഊദിയിലെത്തുമ്പോൾ സ്വീകരിക്കേണ്ട പ്രോട്ടോകോളുകളുടെ ഭാഗമായയുള്ള ചിലവ് തൊഴിലുടമകൾ വഹിക്കാമെന്നതാണ് പുതിയ തീരുമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തൊഴിലാളികൾക്ക് ഇത് വഹിക്കാൻ സാധിക്കില്ലെന്നായിരുന്നു ഫിലിപ്പൈൻസ് സഊദിയെ അറിയിച്ചിരുന്നത്. സഊദിയിൽ എത്തുമ്പോൾ വിദേശ തൊഴിലുടമകളും ഏജൻസികളും ക്വാറന്റൈൻ, മറ്റ് കൊവിഡ് പ്രോട്ടോക്കോളുകൾക്കുമുള്ള ചിലവ് വഹിക്കുമെന്ന് ഉറപ്പുനൽകുന്ന തീരുമാനം  ലഭിച്ചതിന് ശേഷം, സഊദിയിലേക്ക് തൊഴിലാളികളെ അയക്കുന്നത് പുനഃസ്ഥാപിച്ചതായി ഫിലിപ്പൈൻസ് ലേബർ സിക്രട്ടറി സിൽ‌വെസ്ട്രെ ബെല്ലോ പറഞ്ഞു. ഇക്കാര്യത്തിൽ അനുകൂല തീരുമാനം കൈകൊണ്ട സഊദി  സർക്കാരിനോട് നന്ദി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോൾ ചെലവുകൾ വഹിക്കുന്നതിനുള്ള ഉത്തരവ് സഊദി സർക്കാർ ഇതിനകം തൊഴിലുടമകളെ അറിയിച്ചിട്ടുണ്ടെന്നു മനിലയിലെ സഊദി അറേബ്യയിലെ അംബാസഡർ അബ്ദുല്ല അൽ ബുസ്സൈറിയിൽ നിന്ന് സന്ദേശം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനം കൈകൊണ്ടതിനെ തുടർന്ന് രാജ്യത്ത് കുടുങ്ങിയ ഫിലിപ്പിനോ തൊഴിലാളികളെഅയക്കുന്നതിനുള്ള നടപടികൾ ത്വരിത ഗതിയിൽ നടപ്പിലാക്കാൻ ഫിലിപ്പൈൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Most Popular

error: