ടിക്കറ്റിന് ഉയർന്ന നിരക്ക്: കേന്ദ്ര ഉത്തരവിനുശേഷം ബുക്ക് ചെയ്തവർക്ക് അധിക തുക തിരികെ നൽകും

0
32

ന്യൂഡല്‍ഹി: വിമാനനിരക്കില്‍ പരിധി നിശ്ചയിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു ശേഷവും ഉയര്‍ന്ന‌‌ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അര്‍ഹതപ്പെട്ട തുക തിരികെ ലഭിക്കും. എയര്‍ ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശനിയാഴ്ച രാവിലെയാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതെങ്കിലും വെബ്സൈറ്റിലും തേര്‍ഡ് പാര്‍ട്ടി പോര്‍ട്ടലുകളിലും ഘട്ടം ഘട്ടമായാണ് ഇതനുസരിച്ചുള്ള നിരക്കിലെ മാറ്റങ്ങള്‍ വരുത്തുന്നത്. നിരക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും വിമാനക്കൂലി കുറഞ്ഞില്ലെന്ന്‌ പലരും വിമര്‍ശനമുന്നയിച്ചിരുന്നു.

എയര്‍ ഇന്ത്യ എക്പ്രസ് പുതിയ നിയന്ത്രണം‌ പൂര്‍ണമായും നടപ്പാക്കിയതായി എയര്‍ ഇന്ത്യ‌ ഗ്രൂപ്പ് തിങ്കളാഴ്ച പുലര്‍ച്ചെ അറിയിച്ചു. എയര്‍ ഇന്ത്യ ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. ചില തേര്‍ഡ് പാര്‍ട്ടി സിസ്റ്റങ്ങളെ ആശ്രയിക്കുന്നതുകൊണ്ടാണ് കാലതാമസമുണ്ടായതെന്ന് കമ്പനി അറിയിച്ചു. ശനിയാഴ്ച മുതല്‍‌ നിരക്ക് നിയന്ത്രണം നടപ്പാക്കുന്നതുവരെ ഉയര്‍ന്ന അടിസ്ഥാനനിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇവ തമ്മിലുള്ള വ്യത്യാസം‌ എത്രയാണോ, ആ‌ തുക യാത്രക്കാന് തിരികെ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

2020ൽ കോവിഡ് കാലത്തിനു ശേഷം ആദ്യമായാണ് കേന്ദ്രം വിമാനടിക്കറ്റിന് പരിധി നിശ്ചയിക്കുന്നത്. ഫ്ലൈറ്റ് ദൂരമനുസരിച്ചാണ് നോൺ–സ്റ്റോപ്പ് ഇക്കോണമി ക്ലാസിലെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിരക്കുകൾ പൂർവസ്ഥിതിയിലെത്തും വരെ നിയന്ത്രണം തുടരും. ആഭ്യന്തര സർവീസിന് പരമാവധി 18,000 രൂപയിൽ കൂടുതൽ അടിസ്ഥാനനിരക്കായി ഈടാക്കാൻ പാടില്ല.

500 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് 7,500 രൂപയാണ് പരിധി. ഇതിനു പുറമേയാണ് യൂസർ ഡവലപ്മെന്റ് ഫീസ്, പാസഞ്ചർ സർവീസ് ഫീസ്, നികുതി എന്നിവ. ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ കമ്പനികൾ നിരക്ക് കുത്തനെ വർധിപ്പിച്ചതോടെയാണ് സർക്കാർ നിയന്ത്രണാധികാരങ്ങൾ പ്രയോഗിച്ചത്. ബിസിനസ് ക്ലാസിനും ഉഡാൻ ഫ്ലൈറ്റുകൾക്കും ഈ നിരക്കുകൾ ബാധകമല്ല.

∙500 കിലോമീറ്റർ വരെ: 7,500 രൂപ വരെ.(ഉദാ: കൊച്ചി–ബെംഗളൂരു: 342 കിലോമീറ്റർ)
∙500–1000 കിലോമീറ്റർ വരെ: 12,000 രൂപ വരെ (ഉദാ:കൊച്ചി–ഹൈദരാബാദ്: 840 കിലോമീറ്റർ)
∙1,000–1,500 കിലോമീറ്റർ വരെ: 15,000 രൂപ വരെ (ഉദാ:മുംബൈ–തിരുവനന്തപുരം (ഉദാ: 1,251 കിലോമീറ്റർ)
∙1,500 കിലോമീറ്ററിനു മുകളിൽ: 18,000 രൂപ വരെ (ഉദാ: ഡൽഹി–കൊച്ചി: 2,057 കിലോമീറ്റർ)
(അടിസ്ഥാനനിരക്കിന് പുറമേ യൂസർ ഡവലപ്മെന്റ് ഫീ, പാസഞ്ചർ സർവീസ് ഫീസ്, നികുതി എന്നിവ ബാധകമാണ്.)