റിയാദ്: ഏറെ കാലത്തെ മാന്ദ്യത്തിന് ശേഷം രാജ്യത്തെ എണ്ണ കയറ്റുമതി വിപണി തിരിച്ചു വരുന്നതായി റിപ്പോർട്ട്. 2020നെ അപേക്ഷിച്ച് എണ്ണ വിപണി വീണ്ടും കരുത്താര്‍ജിക്കുന്നതായി കഴിഞ്ഞ മാസങ്ങളിലെ കയറ്റുമതി വളര്‍ച്ച നിരക്ക് വ്യക്തമാക്കുന്നു. എണ്ണ വിപണി വീണ്ടും സജീവമായതോടെയാണ് വരുമാനത്തില്‍ വര്‍ധനവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ 52.3 ബില്യണ്‍ റിയാലിന്‍റെ എണ്ണ സഊദി അറേബ്യ കയറ്റി അയച്ചതായാണ് കണക്കുകൾ. മുന്‍ വര്‍ഷം ഇത് 29.9 ബില്യണ്‍ റിയാലായിരുന്നിടത്തു നിന്നാണ് വര്‍ധനവായിരുന്നുവെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കുകൾ വ്യക്തമാകുന്നു. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ആഗോള എണ്ണ വിപണിയില്‍ നേരിട്ട വിലതകര്‍ച്ചയും ഉപഭോഗത്തിലെ കുറവുമാണ് വിപണിയെ അന്ന് സാരമായി ബാധിച്ചത്.
എണ്ണ വിപണിയും കയറ്റുമതിയും വീണ്ടും സജീവമായതോടെ സഊദിയുടെ വിദേശ കയറ്റുമതി വരുമാനത്തിലും കാര്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്‍റെ ആകെ കയറ്റുമതിയില്‍ എണ്ണ വിഹിതം വീണ്ടും എഴുപത് ശതമാനത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 50 ശതമാനം വരെയായി ഇടിവ് രേഖപ്പെടുത്തിയിടത്തു നിന്നാണ് വീണ്ടും മെച്ചപ്പെട്ടത്. കഴിഞ്ഞ മാസം വിദേശ കയറ്റുമതി ഇനത്തില്‍ രാജ്യത്തിന് 124.1 ബില്യണ്‍ റിയാല്‍ വരുമാനം നേടി കൊടുത്തുതായും കണക്കുകള്‍ വ്യക്തമാക്കുന്നു.