ആശ്വാസവുമായി എയര്‍ ഇന്ത്യ; അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിങ്ങുകളില്‍ ഇളവ് പ്രഖ്യാപിച്ചു

അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിങ്ങുകളില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. മാര്‍ച്ച് പത്ത് വരെയുള്ള ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ മുഴുവന്‍ റീഫണ്ട് നല്‍കും. സൗജന്യമായി റീ ഷെഡ്യൂള്‍ ചെയ്യാനും സൗകര്യം. മിഡില്‍ ഈസ്റ്റ്, യുകെ, യൂറോപ്പ് സെക്ടറുകളിലേക്ക് ഉള്ള ടിക്കറ്റുകള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 28 വരെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ആയിരിക്കും ഇളവ് ബാധകമാക്കുക.

ഇന്ന് മുതല്‍ ജിദ്ദയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ആരംഭിക്കും എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. രാവിലെ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരികെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യ ദുബായിലേക്ക് ഒരു സര്‍വീസ് നടത്തും. ബോയിംഗ് 777 വിമാനമാണ് ഉപയോഗിക്കുക. അതേസമയം, തിരുവനന്തപുരത്ത് ഇന്നലെ ആകെ 30 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 16 വിമാനങ്ങള്‍ സര്‍വീസ് നടത്തി. 14 വിമാനങ്ങള്‍ തിരുവനന്തപുരത്തേയ്ക്ക് എത്തി.

അതേസമയം, വ്യോമപാത അടച്ചതിനെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയവരുടെ വിസ പിഴകള്‍ യുഎഇ ഒഴിവാക്കി. വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍, ഫെബ്രുവരി 28ന് ശേഷം സന്ദര്‍ശകവിസ, ടൂറിസ്റ്റ് വിസ കാലാവധി തീരുന്നവര്‍ എന്നിവര്‍ക്ക് ഇളവ് ബാധകമാണ്. താമസവിസ റദ്ദാക്കി രാജ്യം വിടാനിരുന്നവര്‍ക്കും ഫൈന്‍ ഉണ്ടാവില്ല. യുഎഇ ഐസിപിയാണ് ഇക്കാര്യം അറിയിച്ചത്.

അതിനിടെ, ലോകമെമ്പാടുമുള്ള ഇസ്രായേല്‍ എംബസികളെ ആക്രമിക്കുമെന്ന് ഇറാന്‍ വീണ്ടും ഭീഷണി മുഴക്കി. ലെബനോണിലെ ഇറാന്‍ ദൗത്യസേനയെ ഇസ്രായേല്‍ ആക്രമിച്ചാല്‍ ലോകമെമ്പാടുമുള്ള ഇസ്രായേല്‍ എംബസികളെ ലക്ഷ്യമിടുമെന്നാണ് ഇറാന്‍ സായുധ സേനയുടെ മുന്നറിയിപ്പ്, ഇറാനിയന്‍ സായുധ സേനയുടെ വക്താവിന്റേതാണ് ഭീഷണി.

ആക്രമണം അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനും വ്യക്തമാക്കിയിട്ടുണ്ട്. അയല്‍ രാജ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പെസ്ഷ്‌കിയാന്റെ പ്രസ്താവന. ഇറാന്‍ നയതന്ത്ര ചര്‍ച്ചയിലൂടെ യുദ്ധം ഒഴിവാക്കാന്‍ ശ്രമിച്ചു. എന്നാല്‍, അമേരിക്ക-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയല്ലാതെ വേറെ മറുപടിയില്ലെന്നും പെഷസ്‌കിയാന്‍ പറഞ്ഞു. അയല്‍രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നു. കൂട്ടായ പരിശ്രമത്തിലൂടെയാണ് മേഖലയില്‍ സമാധാനം കൈവരിക്കേണ്ടത് – അദ്ദേഹം പറഞ്ഞു. ഖത്തര്‍ പ്രധാനമന്ത്രിയും ഇറാന്‍ വിദേശകാര്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് പെഷസ്‌കിയാന്റെ പ്രസ്താവന.