റിയാദ്: കൊവിഡ് കാലത്ത് തട്ടിപ്പുകളും വ്യാപകമാകുകയാണ്. പലവിധത്തിലുള്ള ഫോൺ തട്ടിപ്പുകളാണ് വ്യാപകമായിരിക്കുന്നത്. ആർക്കും സംശയം തോന്നാത്ത തരത്തിലും മുഴുവൻ ഡാറ്റകളും ചോർത്തുന്ന മോഡേൺ തട്ടിപ്പുകളുമായാണ് ഇപ്പോൾ കോവിഡ് മൊബൈൽ തട്ടിപ്പുകൾ രംഗം കയ്യടക്കുന്നത്. നേരത്തെ രാജ്യത്തെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ സമ്മാനമടിച്ചുവെന്നും ബാങ്ക് അക്കൗണ്ടും എ.ടി.എം കാര്‍ഡും കാലഹരണപ്പെട്ടുവെന്നും അറിയിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കരസ്ഥമാക്കി തട്ടിപ്പ് നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഇതോടൊപ്പം തന്നെ കൊവിഡുമായി ബന്ധപ്പെട്ട കെണിയിൽ വീഴ്ത്തിയാണ് തട്ടിപ്പ് അരങ്ങേറുന്നത്.
ഏറ്റവും പുതിയതായി ഇപ്പോൾ സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലാണ് തട്ടിപ്പ് സംഘം വിലസുന്നത്. എം ഒ ഐ യിൽ നിന്നാണെന്നും തവക്കൽന ബ്ലോക്ക് ആകാൻ പോകുന്നുവെന്നും അതിനാൽ വിവരങ്ങൾ കൈമാറണമെന്നുമാണ് തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ പെട്ടെന്ന് ഇതെല്ലാം കേൾക്കുമ്പോൾ ഇഖാമ നമ്പർ അടക്കമുള്ള കാര്യങ്ങൾ പങ്ക് വെക്കുന്ന തരത്തിലാണ് തട്ടിപ്പ് സംഘത്തിന്റെ ഇടപാടുകൾ. ഇത്തരത്തിലുള്ള ഒരു കോൾ സന്ദേശമാണ് ഇന്ന് രാവിലെ മലയാളിക്ക് ലഭിച്ചത്. അബ്ഷിറിൽ അപ്ഡേറ്റ് ചെയ്യണമെന്നും അപ്ഡേറ്റ് ചെയ്യാത്തതിനാൽ ബാങ്ക് അകൗണ്ടും തവകൽനയും ബ്ലോക്ക് ആകുമെന്നായിരുന്നു സന്ദേശം. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്ന ഇദ്ദേഹം പെട്ടെന്ന് ഫോൺ കട്ട് ചെയ്യുകയായിരുന്നു. എം ഒ ഐയിൽ നിന്നാണെന്ന് പറയുന്നവർക്ക് നമ്മുടെ ഇഖാമ നമ്പർ പോലും അറിയില്ലെന്ന് അദ്ദേഹം തമാശ രൂപത്തിൽ പങ്ക് വെച്ചു.
കൊവിഡ് വാക്‌സിന്‍ എടുത്തുവെന്ന കാര്യം ആപ്പില്‍ ഉള്‍പ്പെടുത്തുന്നതിന് എസ്.എം.എസ് ആയി ലഭിച്ച നമ്പര്‍ പറയാനായി ആവശ്യപ്പെടുന്ന തട്ടിപ്പ് കോളുകളും വ്യാപകമായിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന പേരിലാണ് ഇത് ആവശ്യപ്പെടുന്നത്. ഇങ്ങനെ ആവശ്യപ്പെടുന്ന നമ്പര്‍ അക്കൗണ്ടില്‍നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ഒ.ടി.പി ആയിരിക്കും. നേരത്തെ തന്നെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കിയ ഉപയോകതാക്കളെയാണ് വാക്‌സിന്റെ പേരല്‍ കബളിപ്പിക്കുന്നത്. ലഭിച്ചിരിക്കുന്ന ഒ.ടി.പി ബാങ്കില്‍ നിന്നാണെന്ന് ശ്രദ്ധിക്കാതെ കൊവിഡ് വാക്‌സിന്‍ വെരിഫിക്കേഷനു വേണ്ടിയാണെന്നു കരുതില്‍കിയാല്‍ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായേക്കും.
വ്യക്തിപരമായ വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ് പല തവണ ആലോചിക്കണമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. നമ്മുടെ വിവരങ്ങൾ ചോദിച്ചു ഒരു ഉദ്യോഗസ്ഥരും വിളിക്കില്ലെന്നും അങ്ങനെ വന്നാൽ നേരിട്ട് ഓഫീസുകളിൽ എത്തി കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നുമുള്ള സാമാന്യ ബോധം എല്ലാവരും മനസിലാക്കിയാൽ തന്നെ തട്ടിപ്പ് സംഘത്തിൽ നിന്ന് രക്ഷപ്പെടാനാകും.
സഊദി വാർത്തകൾ ഉടൻ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകുക👇