Thursday, 19 September - 2024

ലക്ഷദ്വീപിനെ അശാന്തമാക്കരുത്: കെ ഡി എം എഫ് റിയാദ്

റിയാദ്: വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യയിൽ കേരളവുമായി സംസ്‌കാരികപരമായും ഭാഷാപരമായും ഇഴയടുപ്പത്തിലുള്ള നാടാ ലക്ഷദ്വീപിൽ പുതുതായി നിയമിക്കപ്പെട്ട അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ജനജീവിതത്തെ തടസപ്പെടുത്തുന്നതും ഉപജീവന മാര്‍ഗത്തെയും സ്വത്വത്തെ തന്നെയും ഇല്ലാതാക്കാനുള്ള ഇടപെടലുകൾ നടത്തുന്നതും വളരേ പ്രതിഷേധാർഹമാണെന്ന് റിയാദ് കോഴിക്കോട് ജില്ല മുസ്ലീം ഫെഡറേഷൻ പ്രസ്താവനയില്‍ പറഞ്ഞു.

മദ്യരഹിത പ്രദേശമായിരുന്ന ദ്വീപില്‍ ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകള്‍ തുറക്കാനുള്ള നീക്കം, സ്‌കൂളിലെ വിദ്യാര്‍ഥികളുടെഉച്ചഭക്ഷണത്തിലെ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കൽ, അക്രമ സംഭവങ്ങളില്ലാതെ സമാധാനപരമായി കഴിയുന്ന ലക്ഷദ്വീപിൽ ഗുണ്ടാ നിയമം, പ്രിവൻഷൻ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പാസ) നടപ്പിലാക്കുക, രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്താനുള്ള നീക്കം. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പരിമിതപ്പെടുത്തൽ, അങ്കണവാടികൾ അടച്ച് പൂട്ടൽ, താത്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ച് വിടൽ, ദ്വീപുകാർ ചരക്ക് ഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിന് പകരം മംഗലാപുരത്തെ മാത്രം ആശ്രയിക്കണമെന്ന തീരുമാനം, ഇതെല്ലാം ലക്ഷദ്വീപിന്റെ തനതായ ജനജീവിതത്തെ വെല്ലുവിളിക്കുന്നതും അവരുടെ വിശ്വാസ സാസ്കാരിക പൈതൃക ങ്ങളെ തകർക്കുന്ന നടപടികളാണ്.

കൊവിഡ് പ്രോട്ടോക്കോള്‍ എടുത്തു കളഞ്ഞത് മൂലം ഒരു വർഷത്തിലേറെയായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദ്വീപിൽ ഇപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് അറുപത് ശതമാനത്തിനും മുകളിലാണ്. കൂടാതെ മത്സ്യ തൊഴിലാളികൾ ഫിഷിങ് ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനും കേടുപാടുകള്‍ തീർക്കുന്നതിനും മറ്റും ഉപയോഗിച്ചിരുന്ന ഷെഡ്ഡുകൾ പൊളിച്ച് നീക്കുകയുമുണ്ടായി.

വികലമായ നയങ്ങളും നിലപാടുകളുമായി ദ്വീപ് നിവാസികളുടെ വിശ്വാസത്തെയും സംസ്‌കാരത്തെയും തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ഭരണകൂടം പിന്മാറണമെന്നും ലക്ഷ ദ്വീപിന്റെ തനിമ നിലനിര്‍ത്തി സമാധാന പരമായി ജീവിക്കുന്നതിന് ദ്വീപ് സമൂഹത്തെ അനുവദിക്കണമെന്നും കെ ഡി എം എഫ് റിയാദ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Most Popular

error: