റിയാദ്: ഈ വർഷം വിദേശത്ത് നിന്നും ഹാജിമാരെ അനുവദിക്കുമെന്ന സൂചന നൽകി ഹജ്ജ് വേളയിൽ സ്വീകരിക്കേണ്ട നടപടികൾ പുറത്ത് വിട്ടു. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു അൽ മദീന പത്രമാണ് ഹജ്ജ് നടപടികൾ ഏത് തരത്തിലായിരിക്കുമെന്ന് റിപ്പോർട്ട് ചെയ്തത്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ഹാജിമാർക്ക് മൂന്ന് ദിവസം ക്വാറന്റീൻ ഉണ്ടായിരിക്കുമെന്നും പിസിആർ ടെസ്റ്റ് നടത്തുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ഇവരുടെ താമസ കേന്ദ്രങ്ങളിലാണ് മൂന്ന് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയേണ്ടത്.
ഹറം പള്ളികളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനിൽ ബുക്കിംഗ് പൂർത്തീകരിക്കണം. മക്കയിലും മദീനയിലും റൂമുകളിൽ ബോഫെ സംവിധാനം അനുവദിക്കുകയില്ല. ഡെയിനിങ് ഹാളുകളിൽ കൂട്ടം കൂടരുത്. ഇരു ഹറമുകളിലെക്ക് ഭക്ഷണം അനുവദിക്കുകയില്ല തുടങ്ങിയ കാര്യങ്ങളും പ്രാബല്യത്തിലാക്കും. തീർത്ഥാടകരുടെ ബാഗുകളും ലാഗേജുകളും സമയബന്ധിതമായി അണുനശീകരണം നടത്തും.
അറഫ പോലെയുള്ള പുണ്യ നഗരികളിലേക്കുള്ള യാത്രയിൽ ബസുകളിൽ അമ്പത് ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ. അറഫയിലെയും മുസ്ദലിഫയിലെ രാപ്പാർക്കൽ ടെൻറ്റുകളിലും അമ്പത് സ്ക്വയർ മീറ്ററിൽ പത്ത് പേർ എന്ന തോതിലായിരിക്കും അനുവദിക്കുന്നത്. ജംറകളിലെ കല്ലേറ് നടത്താനായി ഹാജിമാരെ സംഘങ്ങളാക്കി തിരിക്കും.
ജംറകളിലെ ഓരോ നിലകളിലും അമ്പത് പേർ വീതം എന്ന തോതിലായിരിക്കും അനുവദിക്കുക. ചുരുങ്ങിയത് ആളുകൾക്കിടയിൽ അര മീറ്റർ അകലം പാലിച്ചായിരിക്കും അനുവദിക്കുക. ഹജ്ജ് സേവനത്തിനെതുന്നവർ സീസൺ തുടങ്ങുന്നതിന്റെ പതിനാല് ദിവസം മുമ്പെങ്കിലും വാക്സിൻ സ്വീകരിച്ചവരായിരിക്കണം. തുടങ്ങിയ കാര്യങ്ങളാണ് നടപ്പിലാക്കുകയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.