റിയാദ്: സഊദിയിൽ ക്വാറന്റൈൻ നിര്ബന്ധമാക്കിയതോടെ രണ്ടു തരം ക്വാറന്റൈനും തമ്മിൽ വിശദീകരിച്ച് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി. സഊദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് ഇബ്‌റാഹീം അൽ റുസാ ഇക്കാര്യം വിശദീകരിച്ചത്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇത് നടപ്പിൽ വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രാലയം അംഗീകാരം നൽകിയ പ്രത്യേക സ്ഥലങ്ങളിൽ നിശ്ചിത ദിവസം കഴിയുന്നതാണ് ഇൻസ്റ്റിറ്റൂഷണൽ ക്വാറന്റൈൻ കൊണ്ട് ഉദ്ദേശിക്കുന്നത്. യാത്രക്കാരന്റെ സ്വന്തം ചിലവിലായിരിക്കും ഇതിനുള്ള സൗകര്യങ്ങൾ നേടേണ്ടത്. വിമാന ടിക്കറ്റുമായി ഇത് ലിങ്ക് ചെയ്‌തിട്ടുണ്ടെന്നും കൊവിഡ് പ്രതിസന്ധിയിൽ സഹായകമായി പ്രത്യേക ഇൻഷൂറൻസും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഊദി പൗരന്മാർ ഒഴികെ വിമാന വിലക്ക് ഇല്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന ഇമ്മ്യൂണൈസ്‌ഡ് ആകാത്തവർക്കാണ് ഇത് നിർബന്ധമാക്കുന്നത്. ഏഴു ദിവസമാണ് ഇതെന്നും കേന്ദ്രത്തിൽ എത്തിയത് മുതലായിരിക്കും ഇത് ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സജ്ജമാക്കിയ നിശ്ചിത സ്ഥലത്താണ് ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ എങ്കിൽ ഹോം ക്വാറന്റൈൻ സ്വന്തം വീടുകളിൽ ഭദ്രമായി കഴിയുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.