Saturday, 27 July - 2024

ബഹ്‌റൈനിൽ കുടുങ്ങിയവരെ സഹായിക്കാൻ നടപടികൾ കൈക്കൊള്ളണം; എംബസിയോട് ആവശ്യമുന്നയിച്ച് വിവിധ സംഘടനകൾ

മനാമ: സഊദി യാത്രക്കിടെ ബഹ്‌റൈനിൽ കുടുങ്ങിയ മലയാളികളെ സഹായിക്കാൻ നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ട് ബഹ്‌റൈനിലെ വിവിധ സംഘടനകൾ എംബസിയുമായി ബന്ധപ്പെട്ടു. നൂറുകണക്കിന് മലയാളികൾ അടക്കം ആയിരത്തിലധികം ഇന്ത്യക്കാരാണ് നിലവിൽ ബഹ്‌റൈനിൽ കുടുങ്ങി കിടക്കുന്നത്. ഇവരെ ഇവിടെ നിന്ന് രക്ഷപ്പെടുത്താനായുള്ള എന്തെങ്കിലും നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ടാണ് കെഎംസിസി ഉൾപ്പെടെയുള്ള സംഘടനകൾ ശ്രമം നടത്തുന്നത്.
സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം രാജ്യത്തേക്കുള്ള പ്രവേശനത്തിന് വാക്സിൻ നിർബന്ധമാക്കിയതോടെ ബഹ്‌റൈനിൽ നിന്ന് പ്രവേശനം നേടാൻ കാത്തിരിക്കുന്നവരാണ് ഏറ്റവും വലിയ ദുരിതത്തിൽ വീണത്. ഇവരിൽ വാക്സിൻ കുത്തിവെപ്പ് പൂർത്തിയാകാത്തവരുടെ കോസ്‌വേ പ്രവേശനം തടഞ്ഞതോടെ പ്രവാസികൾ ഇവിടെ ഒറ്റപ്പെടുകയായിരുന്നു. ഇവരാണ് ഇവിടെ കടുത്ത ദുരിതത്തിലും ആശങ്കയിലും മാനസിക സമ്മർദ്ദത്തിലും കഴിയുന്നത്. ഇവരെ സഊദിയിലെത്തിക്കാനുള്ള നടപടികൾ എംബസി ഇടപെട്ട് ഉണ്ടാക്കിയെടുക്കണമെന്നാണ് ഏവരുടെയും ആവശ്യം.
വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് നിലവിൽ കുടുങ്ങിയ ആളുകളെ സഊദിയിലേക്ക് എത്തിക്കാനായുള്ള നടപടികൾ കൈക്കൊള്ളുക, അല്ലെങ്കിൽ ഇന്ത്യയിലേക്ക് കുറഞ്ഞ ചിലവിൽ മടക്കി കൊണ്ടുപോകാനുള്ള നടപടികൾ, ഇവർ ഇവിടെ നിന്ന് മടങ്ങുന്നത് വരെയും ഇവർക്ക് ആവശ്യമായിട്ടുള്ള താമസ, ഭക്ഷണ സൗകര്യങ്ങൾ നൽകാൻ നപടികൾ വേണം തുടങ്ങിയുള്ള കാര്യങ്ങളാണ് എംബസിയോട് വിവിധ സംഘടനകൾ മുന്നോട്ട്  വെച്ചിരിക്കുന്നത്. എംബസിക്ക് കീഴിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) മായി ബന്ധപ്പട്ട് വേണ്ട സഹായങ്ങൾ നൽകാമെന്ന് സംഘടനകൾ അറിയിച്ചിട്ടുണ്ട്.
നേപ്പാളിൽ നിന്ന് വിമാന സർവ്വീസുകൾ നിലച്ചതോടെ കുടുങ്ങിയ സഊദി പ്രവാസികൾക്ക് അവിടെയുള്ള എംബസിയുടെ ഇടപെടലുകളും കേരളത്തിലെ ചില എംപി മാരുടെ ഇടപെടലുമാണ് സഹായകമായത്. ഇതിന്റെ ഫലമായി പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി ലഭിച്ചിരുന്നു. ഇതേ രൂപത്തിൽ ഏതെങ്കിലും വിധേന ഇവിടെ കുടുങ്ങിയവരെ സഊദിയിൽ എത്തിക്കാനുള്ള നടപടികൾ കൈകൊള്ളണമെന്നാണ് ഏവരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

Most Popular

error: