Friday, 13 December - 2024

ഇടി വെട്ടിയവനെ പാമ്പ്‌ കടിച്ച സ്ഥിതിയിൽ സഊദി പ്രവാസികൾ, ബഹ്‌റൈനിൽ ഉള്ളവർക്ക് സഊദിയിലെത്താൻ ഇനി വേണം ഒരു ലക്ഷം രൂപക്ക് മുകളിൽ

റിയാദ്: കടുത്ത ദുരിതം അനുഭവിക്കുന്ന സഊദി പ്രവാസികൾക്ക് കടുത്ത തിരിച്ചടി നൽകുന്നതായിരുന്നു സഊദി അറേബ്യയുടെ തീരുമാനം. ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം രാജ്യത്തേക്കുള്ള പ്രവേശനത്തിന് വാക്സിൻ നിർബന്ധമാക്കിയതോടെ ബഹ്‌റൈനിൽ നിന്ന് പ്രവേശനം നേടാൻ കാത്തിരിക്കുന്നവരാണ് ഏറ്റവും വലിയ ദുരിതത്തിൽ വീണത്. ഇവരിൽ വാക്സിൻ കുത്തിവെപ്പ് പൂർത്തിയാകാത്തവരുടെ കോസ്‌വേ പ്രവേശനം തടഞ്ഞതോടെ പ്രവാസികൾ ഇവിടെ ഒറ്റപ്പെടുകയായിരുന്നു. നിലവിൽ ഇടിവെട്ടിയവനെ പാമ്പ് കടിച്ച സ്ഥിതിയിലാണ് ഇവിടെയെത്തിയ പ്രവാസികൾ.

മലയാളികൾ അടക്കം ആയിരത്തിലധികം ആളുകളാണ് ബഹ്‌റൈനിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ ബഹ്‌റൈൻ ക്വാറന്റൈൻ പൂർത്തിയാകുന്നതിനനുസരിച്ച് സഊദിയിലേക്ക് പോകുന്നവരിൽ രണ്ടു വാക്‌സിൻ പൂർത്തിയാക്കി മുഖീമിൽ രജിസ്റ്റർ ചെയ്‌തവർക്കും നേരത്തെ സഊദിയിൽ നിന്നും റീ എൻട്രിയിൽ പോകുന്ന സമയത്ത് വാക്‌സിൻ എടുത്തവരാണെങ്കിലും തവക്കൽന ഉപയോഗിച്ചും കോസ്‌വേ വഴി സഊദിയിലേക്ക് പ്രവേശനം സാധ്യമാകും. എന്നാൽ, രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച പ്രവാസികൾ നിലവിൽ ഇല്ലെന്ന് വേണം പറയാൻ. വളരെ അപൂർവ്വം ആളുകൾ മാത്രമാണ് ഇത് പൂർത്തിയാക്കിയിട്ടുള്ളു.

എന്നാൽ, ബാക്കിയുള്ളവർക്ക് ഇനിയുള്ള രക്ഷ ബഹ്‌റൈനിൽ നിന്നും വിമാന മാർഗ്ഗം വഴി സഊദിയിലേക്ക് പ്രവേശിക്കാമെന്നതാണ്. ഇവിടെയാണ് പ്രവാസികളുടെ ദുരിതം ഇരട്ടിയാകുന്നത്. നിലവിലെ കണക്കുകൾ പ്രകാരം ബഹ്‌റൈനിൽ നിന്നും സഊദിയിലേക്കുള്ള സർവ്വീസ് പാക്കേജുകൾ ഷോക്കടിപ്പിക്കുന്നതാണ്. ഒരു ലക്ഷം ഇന്ത്യൻ രൂപയാണ് പാക്കേജുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതെവിടെ നിന്ന് സ്വരൂപിക്കുമെന്ന ആശങ്കയിലാണ് ഇവിടെ കുടുങ്ങിയ സാധാരണക്കാരായ പ്രവാസികൾ. ഇതിനകം ഒന്നര ലക്ഷം രൂപ നൽകിയും പാക്കേജുകൾ എടുത്തതായി പലരും പറഞ്ഞു. എന്നാൽ, വിവിധ ട്രാവൽസുകൾ 75000 രൂപ മുതലുള്ള പാക്കേജുകളും ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. ഇത് തന്നെ കിട്ടാത്ത അവസ്ഥയിലുമാണ്.

ഇതിനകം തന്നെ ഏകദേശം ഒന്നേകാൽ ലക്ഷത്തിലധികം രൂപ മുടക്കിയാണ് സഊദി പ്രവാസികൾ ബഹ്‌റൈനിൽ എത്തിയിട്ടുള്ളത്. അതിനു പുറമെയാണ് ഇനി ഇവിടെ നിന്ന് സഊദിയിലേക്ക് എത്തണമെങ്കിൽ അത്രത്തോളം തുക മുടക്കേണ്ടി വരുന്നത്. അല്ലെങ്കിൽ ഇവർക്ക് നാട്ടിലേക്ക് തിരിച്ചു പോകുകയേ നിർവാഹമുള്ളൂ. ഏതായാലും പ്രവാസികളുടെ ഈ നരകയാതന കാണാനോ പരിഹാരം കാണാനോ ഗവൺമെന്റുകൾ മുന്നോട്ട് വരുന്നില്ലെന്നതാണ് ഏറെ സങ്കടകരം. സഊദിയിൽ ക്വാറന്റൈൻ പ്രഖ്യാപിച്ച സ്ഥിതിയിൽ ഗവൺമെന്റ് നയതന്ത്ര തലത്തിൽ നീക്കം ശക്തമാക്കിയാൽ നേരിട്ടുള്ള സർവ്വീസുകൾ ചില മാനദണ്ഡങ്ങളോടെയെങ്കിലും പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് പ്രവാസികൾ. എന്നാൽ, അതിനുള്ള ശ്രമങ്ങൾ നടക്കുന്നില്ലെന്നതാണ് സങ്കടകരം.


കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/Gf2rgovd4Jc23B5BoQooig

Most Popular

error: