ദമാം: ബഹ്‌റൈനിൽ കുടുങ്ങിയ മലയാളികൾ നിബന്ധനകൾ പാലിച്ച് കോസ്‌വേ വഴിയും വിമാന മാർഗ്ഗവും സഊദിയിലേക്ക് പ്രവേശിച്ചു തുടങ്ങി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെയാണ് കോസ്‌വേ വഴി പ്രവേശിപ്പിക്കുന്നത്. എന്നാൽ, സഊദിയിൽ നിന്ന് ലീവിന് പോകുന്ന സമയത്ത് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു പോയവരിൽ തവക്കൽന സ്റ്റാറ്റസ് പരിശോധിച്ച് പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാൽ, നാട്ടിൽ നിന്ന് ആദ്യ ഡോസ് സ്വീകരിച്ചു സർട്ടിഫിക്കറ്റുമായി എത്തിയ ഒരാളെ പോലും കടത്തി വിട്ടിട്ടില്ല. ഇവരോട് വിമാന മാർഗ്ഗം വഴി സഊദിയിലേക്ക് പ്രവേശിക്കാനാണ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് സഊദിയിൽ വിദേശികൾക്ക് ക്വാറന്റൈൻ നിർബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി കോസ്‌വേ വഴിയുള്ള പ്രവേശത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒടുവിൽ ആശങ്കൾക്കൾക്കിടെ വ്യാഴാഴ്ച രാത്രിയാണ് കോസ്‌വേ നിബന്ധനകൾ വ്യക്തമാക്കിയത്. ഇതോടെ നൂറുകണക്കിന് ആളുകൾക്ക് യാത്ര പ്രതിസന്ധിയിലായിരുന്നു.
ഇപ്പോൾ സഊദിയിലേക്ക് വിമാന മാർഗം വഴിയാണ് ഭൂരിഭാഗം പേരും എത്തുന്നത്. ഒരു ലക്ഷത്തിലധികം രൂപ മുടക്കിയാണ് ഇവർ സഊദിയിലേക്ക് എത്തുന്നത്. ഇവിടെ എത്തിയവരെ നേരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ് അയക്കുന്നത്. എന്നാൽ, ബഹ്‌റൈനില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍ സഊദിയിലേക്ക് വിമാനടിക്കറ്റ് ലഭിക്കാനില്ലെന്ന് ബഹ്‌റൈനില്‍ കുടുങ്ങിയവര്‍ പറയുന്നു. പലരുടെയും ബഹ്‌റൈൻ വിസ കാലാവധി കഴിയുകയോ അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കുകയോ ആണ്. ഇവർ ഇത് പുതുക്കുന്നതിനുള്ള പണവും ഇവിടെ കൂടുതൽ ദിവസം കഴിയുന്നതിനുമുള്ള പണവും ഇതിന് പുറമെ കണ്ടെത്തണം.