ദുബൈ: കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ ദുബൈയിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. സുപ്രീം കമ്മിറ്റിയാണ് ഏതാനും വിലക്കുകൾക്കുള്ള നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഒരു മാസത്തെ ഇളവുകൾ നൽകിയിരിക്കുന്നത്. എന്നാൽ, ഇത് ദീർഘിപ്പിച്ചേക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വിവാഹം ഉൾപെടെയുള്ള ആഘോഷങ്ങൾക്ക് ഇളവുകൾ ബാധകമാണ്. റസ്റ്റോന്റുകളിലെയും കഫെകളിലെയും ഷോപ്പിങ് സെൻററുകളിലെയും തത്സമയ ആഘോഷ പരിപാടികളും അനുവദിക്കും. പരിപാടികൾക്ക് 70 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാവും. വിവാഹ പരിപാടികൾക്ക് 100 പേരെ വരെ പങ്കെടുപ്പിക്കാം. ഹോട്ടലുകൾ പൂർണമായും തുറന്ന് പ്രവർത്തിക്കാനും അനുമതിയുണ്ട്. റസ്റ്റാറൻറുകളുടെ ഒരു ടേബിളിന് ചുറ്റും പത്ത് പേർക്ക് വരെ ഇരിക്കാം. കോഫി ഷോപ്പുകളിൽ ഒരു ടേബ്ളിൽ ആറ് പേർക്ക് അനുമതി നൽകി. എന്നാൽ, പരിപാടികൾ അവതരിപ്പിക്കുന്നവർക്കും ജീവനക്കാർക്കും വാക്സിൻ നിർബന്ധമാണ്.
വാക്സിനെടുത്തവർക്കായി ബാറുകൾ തുറക്കാനും അനുമതിയുണ്ട്. കമ്യൂണിറ്റി സ്പോർട്സ്, സംഗീത മേള, അവാർഡ് ദാന ചടങ്ങുകൾ എന്നിവക്കും ഒരു മാസത്തേക്ക് അനുമതി നൽകി. കായിക പരിപാടികൾക്ക് ഗാലറിയുടെ 70 ശതമാനം ശേഷി വരെ കാണികളെ അനുവദിക്കാം. നേരത്തെ ഇത് 30 ശതമാനമായിരുന്നു. ഇൻഡോർ മത്സരങ്ങൾക്ക് പരമാവധി 1500 പേർക്കും ഔട്ട്ഡോർ മത്സരങ്ങൾക്ക് 2500 പേർക്കുമാണ് അനുമതി.
എന്നാൽ, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമായി പാലിക്കണം. അഞ്ച് മാസത്തിനിടെ ഏറ്റവും കുറവ് കൊവിഡ് ബാധിതർ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പരീക്ഷണാർത്ഥം ഇളവുകൾ അനുവദിക്കുന്നത്