Tuesday, 21 May - 2024

ഹസീന ടീച്ചറുടെ മയ്യത്ത് ഖബറടക്കി, നഷ്ടമായത് ആത്മാർത്ഥമായ മത സാമൂഹിക പ്രവർത്തകയെന്ന് സഹപ്രവർത്തകർ

റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ മരണപ്പെട്ട ഹസീന ടീച്ചർ കോട്ടക്കലിന്റെ  ജനാസ റിയാദിലെ നസീം മഖ്ബറയിൽ ഖബറടക്കി. കോവിഡ് സാഹചര്യത്തിലും നിയന്ത്രണങ്ങൾ പാലിച്ച് മത രാഷ്ട്രീയ സാംസ്കാരിക  രംഗത്തെ പ്രമുഖർ അടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം. റിയാദ് മലപ്പുറം ജില്ലാ  കെ.എം.സി.സി വെൽഫെയർവിംഗ്  ചെയർമാൻ റഫീഖ് പുല്ലൂർ ജനറൽ കൺവീനർ ഷറഫു പുളിക്കൽ എന്നിവർ ഇടപെട്ട് അധികൃതരിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങിയതിനാൽ ആശ്രിതരും ബന്ധുക്കളുമായ സഹോദരിമാർക്ക് ജനാസ ദർശിക്കുവാനുള്ള അവസരം ലഭിക്കുകയും എക്സിറ്റ് പതിനഞ്ചിലെ അൽരാജ്ഹി പള്ളിയിൽ ജനാസ നമസ്കാരത്തിന് അവർക്ക് സാധിക്കുകയും ചെയ്തു.

നടപടിക്രമങ്ങളെല്ലാം ദ്രുതഗതിയിൽ പൂർത്തിയാക്കുവാൻ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വളണ്ടിയർമാരും റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ പ്രവർത്തകരും ഒരുമിച്ചു രംഗത്തുണ്ടായിരുന്നു. 

മുസ്‌ലിം ഗേൾസ് & വിമൺസ് മുവ്മെൻറ് (എംജിഎം) റിയാദ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ആയിരുന്ന ടീച്ചർ, റിയാദിലെ ഇസ്‌ലാഹി പ്രബോധന രംഗത്തെ നിറ സാനിദ്ധ്യമായിരുന്നു. എല്ലാ രംഗത്തും അവരുടെതായ മുഖമുദ്ര പതിപ്പിച്ച സാമൂഹിക പ്രവർത്തക, നൂറുകണക്കായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ഖുർആനും ഇസ്‌ലാമിക അദ്ധ്യാപനം നൽകിക്കൊണ്ടിരുന്ന റിയാദ് സലഫീ മദ്റസ്സാ സീനിയർ അദ്ധ്യാപിക, റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ നടത്തുന്ന ദ്വിവർഷ തഹ്ഫീളുൽ ഖുർആൻ കോഴ്സ്, ഈവനിംഗ് ഹിഫ്ള് കോഴ്സ് എന്നിവയുടെ പ്രധാന സംഘാടക, റിയാദ് സെൻട്രൽ കമ്മറ്റി വനിതകൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന ഹദീസ് കോഴ്സുകളുടെ പ്രൈമറി, സെക്കണ്ടറി വിഭാഗങ്ങളുടെ കോഡിനേറ്റർ, വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ശരീഅഃ കോഴ്സ് പ്രധാന സംഘാടക, ഓൺ ലൈൻ പ്രബോധന രംഗം കാര്യക്ഷമമായി ഉപയോഗപ്പെടുത്തി സഊദിയിലുടനീളം ഇസ്‌ലാഹി പ്രബോധന രംഗത്ത് സജീവ സാനിധ്യവുമായിരുന്നു ടീച്ച.

ഇടക്കിടെ നടക്കാറുള്ള വനിതാ ക്യാമ്പുകളും സ്കോഡ് വർക്കുകളും  റമളാനിലെ പ്രശ്നോത്തരി മത്സരങ്ങളും, ഇഫ്താർ മീറ്റുകളും, ഒഴിവുകാല പഠന ശിബിരങ്ങളും, ദുരിതാശ്വ-റിലീഫ് പ്രവർത്തനങ്ങളും, ലേൺ ദി ഖുർആൻ പ്രവർത്തനങ്ങളുമെല്ലാമുള്ള ടീച്ചറുടെ പ്രത്യേക ശ്രദ്ധയും പങ്കാളിത്വവും മേൽനോട്ടവും അവയുടെ വിജയത്തിന് മുഖ്യ പങ്കുവഹിച്ചു. പാഠ്യ പാഠ്യേതര രംഗങ്ങളിലും സർഗ്ഗവാസനയിലുമുള്ള ടീച്ചറുടെ മികവ് റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻററിനും റിയാദ് സലഫീ മദ്റസ്സക്കും വലിയ മുതൽക്കൂട്ടായിരുന്നു. രണ്ടു പതിറ്റാണ്ടായി നടന്നു കൊണ്ടിരിക്കുന്ന ലേൺ ദി ഖുർആൻ പഠിതാവും അദ്ധ്യാപികയും അതിലുപരി പരീക്ഷയിലെ മുൻനിര റാങ്കുമാരിൽ ഒരാളുമാ യിരുന്നു. ചെറുപ്പത്തിൽ അറബി പഠിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത സഹോദരിമാരെ കണ്ടെത്തി അക്ഷരം പഠിപ്പിച്ച് വിശുദ്ധ ഖുർആൻ ഓതാൻ ശീലിപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധകാണിച്ചിരുന്ന ടീച്ചർ, ആദർശ വിഷയങ്ങളിലെ ആഴത്തിലുള്ള ബോധവും ബോധ്യവും കാത്തുസൂക്ഷിച്ചു. വിവിധ ആദർശ ബന്ധുക്കളോടും സംഘടനകളോടും തികഞ്ഞ സാഹോദര്യവും സൗഹൃദവും കാത്തു സൂക്ഷിക്കുന്നതിൽ ഒരു വലിയ മാതൃകയായിരുന്നു. മരിക്കുന്നതിന് മുമ്പ് അൽ ഖോബാർ ഇസ്‌ലാഹി സെൻറർ സംഘടിപ്പിച്ച റമളാൻ കാംപിൽ സമയം പാഴാക്കാതിരിക്കാനും ലഭിക്കുന്ന ഓരോ സെക്കൻറുകളും പരലോകത്തിന് വേണ്ടി പ്രവർത്തിക്കാനും ശക്തമായി ആവശ്യപ്പെട്ടും മരണത്തിനായി തയ്യാറാകാൻ ആഹ്വാനം ചെയ്തുമാണ് ടീച്ചർ അല്ലാഹുവിലേക്ക് മടങ്ങിയത്. ദീനീ പ്രവർത്തന രംഗത്ത് അതിൻറെ ഉഛിയിൽ നിൽക്കുമ്പോഴാണ് മരണം തേടിയെത്തിയത്.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/JyMkmfy1qAw1RmDZkwIAeg

Most Popular

error: