Thursday, 12 September - 2024

പ്രവാസികൾക്ക് നാട്ടിൽ വാക്സിനേഷൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യം, മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കോഴിക്കോട്: സഊദി ഉൾപ്പെടെയുള്ള പ്രവാസികൾക്ക് നാട്ടിൽ വാക്സിനേഷൻ സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലെ കടുത്ത യാത്രാ ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് ഈ നടപടി ഏറെ ആശ്വാസകരമാകുന്നതിനാൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ കൈകൊള്ളണമെന്നാണ് ആവശ്യം. ഇതിനകം തന്നെ പ്രവാസികൾ ഇക്കാര്യം ആവശ്യപ്പെട്ടു രംഗത്തെത്തി. നിലവിൽ സഊദി പ്രവാസികൾക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പ്രഖ്യാപിച്ചതിനാൽ ഇതിൽ നിന്നൊഴിവാകാനായി ഏറെ പ്രധാനമാണ് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കൽ.

നിലവിൽ സഊദിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ഇല്ലാത്തതിനാൽ ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 14 ദിവസം കഴിഞ്ഞ ശേഷമാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ എത്തുന്നത്. സഊദിയുടെ പുതിയ നിബന്ധന പ്രകാരം മെയ് 20 ന് ശേഷം ഇന്ത്യ ഉള്‍പ്പെടെ വിലക്ക് ബാധകമായ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഇതിന് പുറമെ സഊദിയിൽ എത്തിയ ശേഷം 7 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണം. ഇതോടെ 21 ദിവസം ചുരുങ്ങിയത് പ്രവാസികൾ യാത്രയ്ക്കിടെ ക്വാറന്റൈനിൽ മാത്രമായി കഴിയണം. മാത്രമല്ല മൂന്ന് ആഴ്ചക്കിടെ 6 തവണ ആര്‍ടി പിസിആര്‍ പരിശോധനക്കും വിധേയമാകണം. എന്നാൽ, വാക്സിൻ സ്വീകരിച്ചവർക്ക് ഇതിൽ നിന്ന് ഒഴിവാക്കാമെന്നത് ദുരിതത്തിന് അൽപം ശമനമാകും.

കേരളത്തില്‍ നിന്ന് സഊദിയിലെത്താന്‍ ഒരാള്‍ക്ക് ശരാശരി രണ്ടര ലക്ഷത്തിലധികം രൂപ ചിലവ് വരുമെന്നാണ് കണക്കുകൾ. നിലവിൽ 45 വയസില്‍ താഴെയുളളവര്‍ക്ക് കേരളത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് രജിസ്‌ട്രേഷന്‍ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ സഊദിയിലേക്ക് തിരിച്ചു പോകേണ്ട പ്രവാസികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

സഊദിയിൽ അംഗീകാരമുള്ള ഓക്സ്ഫോർഡ് ആസ്ട്രാ സെനെക (കൊവിഷീൽഡ്) വാക്സിനാണ് കേരളത്തിൽ വിതരണം നടക്കുന്നത്. ഇന്ത്യയിൽ നൽകുന്ന മറ്റു വാക്സിനുകൾക്ക് സഊദി അംഗീകാരം ഇല്ല. അതിനാൽ ഇത് സ്വീകരിച്ചാലും നിർബന്ധിത ക്വാറന്റൈനിൽ കഴിയേണ്ടി വരും. ഇന്ത്യയില്‍ കൊവിഷീല്‍ഡ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് വെബ് സൈറ്റില്‍ നിന്ന് രജിസ്‌ട്രേഡ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഇതു ഉപയോഗിച്ച് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ഇളവ് നേടാന്‍ കഴിയും. നിലവിലെ സാഹിര്യത്തില്‍ നാലംഗ കുടുംബത്തിന് സഊദിയിലെത്താന്‍ 10 ലക്ഷം രൂപയിലധികം ആവശ്യമാണ്. അതുകൊണ്ടുതന്നെ സഊദിയില്‍ വിസയുളള പ്രവാസികള്‍ക്ക് പ്രായഭേദമന്യേ കൊവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നത് ആശ്വാസം പകരും. കേരള സർക്കാരും മുഖ്യമന്ത്രിയും ഇതിന് വേണ്ട നടപടികൾ കൈകൊള്ളണമെന്നാണ് ആവശ്യം.

ഈയാവശ്യം ഉന്നയിച്ച് മലപ്പുറം എം എൽ എ പി ഉബൈദുല്ല മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. നാടിന്റെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ലായ പ്രവാസികളുടെ പ്രയാസങ്ങൾ കണ്ടക്കിലെത്ത് അവധിക്ക് വന്ന പ്രവാസികൾക്ക് വാക്സിനേഷനിൽ മുൻഗണന നൽകാൻ സത്വര നടപടികൾ കൈകൊള്ളണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/HeJuZfhyNGeE0uQQmahEvh

Most Popular

error: