Saturday, 27 July - 2024

ബഹ്‌റൈനിൽ ഹോട്ടലുകളിൽ തിരക്ക് വർധിച്ചു, ടിക്കറ്റുകൾ ലഭിക്കാനില്ല, യാത്രാ പാക്കേജ് നിരക്കുകൾ വീണ്ടും ഉയരുന്നു; സഊദി യാത്രകൾ അവതാളത്തിൽ

മനാമ: സഊദിയിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ നിലവിൽ ആശ്രയിക്കുന്ന ബഹ്‌റൈൻ വഴിയുള്ള യാത്രയും അവതാളത്തിൽ. ബഹ്‌റൈനിലെ ഹോട്ടലുകൾ നിറഞ്ഞു കവിയുന്നതും ഇതിനകം തന്നെ ഹോട്ടലുകൾ ബുക്കിങ് പൂർത്തിയായതും വിമാനടിക്കറ്റുകളിൽ വൻ വർധനവും നിലവിൽ ബഹ്‌റൈൻ വഴി വരാനായി ഒരുങ്ങുന്നവർക്ക് തടസമായിത്തുടങ്ങി. സഊദി അതിർത്തികൾ തിങ്കളാഴ്ച മുതൽ തുറക്കുന്നതോടെ കിംഗ് ഫഹദ് കോസ്‌വേ വഴി ധാരാളമായി സഊദി പൗരന്മാർ ബഹ്റൈനിലേക്ക് പോകാനായി ഒരുങ്ങിയതും ഇതിനായി ഹോട്ടലുകൾ ബുക്കിങ് നടത്തുന്നതും നിലവിൽ ബഹ്‌റൈൻ യാത്രക്കാർക്ക് പ്രതിസന്ധി തീർക്കുമെന്ന് നിലയിലേക്കാണ് നീങ്ങുന്നത്. ഇതിനകം തന്നെ ഹോട്ടലുകളിൽ റൂമുകൾ ഫുൾ ആയ അവസ്ഥയിലാണെന്ന് ഹോട്ടൽ മേഖലയിലുള്ളവർ പറയുന്നു.
 
നിലവിൽ ബഹ്‌റൈനിൽ പതിനാലു ദിവസം മുതൽ പതിനാറ് ദിവസം വരെയാണ് സഊദി യാത്രക്കാർ താമസിക്കുന്നത്. പതിനാല് ദിവസം ഇന്ത്യക്ക് പുറത്ത് കഴിഞ്ഞവർക്ക് സഊദിയിൽ പ്രവേശനം സാധ്യമാകുമെന്നതിനാലാണിത്. എന്നാൽ, അൽപമെങ്കിലും ആശ്വാസമായിരുന്ന മറ്റു രാജ്യങ്ങൾ വഴിയുള്ള യാത്രകളെല്ലാം അവസാനിച്ചതോടെ സഊദിയിലേക്കുള്ള ഇന്ത്യക്കാർ പൂർണ്ണമായും ബഹ്‌റൈനെ ആശ്രയിച്ചതാണ് നിരക്കുകൾ കൂടാൻ കാരണം. നിലവിൽ ആയിരക്കണക്കിന് മലയാളികളാണ് ബഹ്‌റൈനിൽ ക്വാറന്റൈനിൽ കഴിയുന്നത്. ദിനം പ്രതി നൂറുകണക്കിന് ആളുകൾ എത്തിച്ചേരുന്നുമുണ്ട്. പലരും ബന്ധപ്പെടുമ്പോൾ നിലവിൽ സൗകര്യങ്ങൾ ചെയ്യുന്നതിൽ പരിമിതികൾ നേരിടുന്നുണ്ടെന്ന് ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.
 
മാസങ്ങളോളമായി ടൂറിസം രംഗം ശോകമൂകമായിരുന്ന ബഹ്‌റൈനിൽ നിലവിലെ സാഹചര്യം മുതലെടുക്കുന്ന ഏജൻസികളും ഉണ്ട്. ഹോട്ടലുകളിൽ ബഹുഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് ബംഗ്ളാദേശികളാണ്. തിങ്കളാഴ്ച്ച മുതൽ സഊദിയിൽ നിന്നും ആളുകൾ എത്തിച്ചേരുന്നതോടെ ഹോട്ടൽ, ടൂറിസം വ്യവസായം പഴയ പടിയിലേക്ക് എത്തുമെന്നാണ് ഇവർ കരുതുന്നത്. അതിനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്.
 
അതോടൊപ്പം തന്നെ സഊദിയിലേക്ക് പോകാനുള്ള ആളുകളുടെ എണ്ണം കൂടിയതോടെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ് വിമാനക്കമ്പനികള്‍. കേരളത്തിൽ നിന്നു ബഹ്റൈനിലേക്ക്  കഴിഞ്ഞ ദിവസങ്ങളിൽ ടിക്കറ്റെടുത്ത പലർക്കും 75,000  രൂപക്ക് മുകളില്‍ ആണ് നല്‍കേണ്ടി വന്നത്. അതേസമയം, ഗൾഫ് എയർ ഓൺലൈൻ ടിക്കറ്റ് നിരക്ക് ഏകദേശം 84,000 രൂപയോളമാണ് കാണിക്കുന്നത്. ഇത് തന്നെ ചില ദിവസങ്ങളിൽ 179,753 രൂപയും കാണിക്കുന്നുണ്ട്.
കൂടിയ തുക നല്‍കാന്‍ തയ്യാറായെങ്കിലും പലര്‍ക്കും വിമാനത്തിൽ സീറ്റില്ലാത്തതിനാൽ ടിക്കറ്റ് ലഭിച്ചില്ല. സഊദിയില്‍ ജോലിക്ക് പ്രവേശിക്കേണ്ട സമയം അടുത്ത പ്രവാസികള്‍ ആണ് ഇത്തരത്തില്‍ വലിയ തുക നല്‍കി പോകാന്‍ ഒരുങ്ങുന്നത്. ഇത് മുതലെടുത്തണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്.
 
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴി 15,000 രൂപക്ക് ബഹ്റൈനിലേക്ക് പോകാന്‍ സാധിക്കുമായിരുന്നു എന്നാല്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെ അല്ല. വിമാന സർവീസുകൾക്കു നിയന്ത്രണം വന്നതാണ് തുക ഇരട്ടിക്കാന്‍ കാരണമെന്നതാണ് വിമാനക്കമ്പനികളുടെ നിലപാട്. രണ്ടാഴ്ച മുൻപു ദുബായ് വഴി ബഹ്റൈനിലേക്കുള്ള നിരക്ക് 32,000 രൂപയായിരുന്നു. എന്നാല്‍ യുഎഇ വഴി വിമാന സര്‍വീസ് നിര്‍ത്തിയതോടെ നിരക്ക് 50.000 കടന്നു. ചില ട്രാവല്‍ ഏജന്‍സികള്‍ ടിക്കറ്റ് കൂട്ടത്തോടെ വാങ്ങി വെച്ചതും വില വര്‍ധിക്കാന്‍ കാരണമായി. എയർ ഇന്ത്യ എക്സ്പ്രസിന് ശരാശരി 50,000 രൂപയായിരുന്നു കഴിഞ്ഞ ആഴ്ച നിരക്ക്. എന്നാല്‍ ഇപ്പോള്‍ എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് ലഭിക്കാനില്ലെന്നാണ് ഉയര്‍ന്നുവരുന്ന പരാതി.
 
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം 👇
 

Most Popular

error: