Saturday, 27 July - 2024

ഫലസ്തീനുമായി സഊദി അറേബ്യ ചർച്ച നടത്തി

റിയാദ്: യുദ്ധം ശക്തമായതോടെ കടുത്ത ദുരിതത്തിലായ ഫലസ്തീനുമായി സഊദി അറേബ്യ ചർച്ച നടത്തി. സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണു ഫലസ്തീൻ അതോറിറ്റി വിദേശ കാര്യ മന്ത്രി റിയാദ് അൽ മാലികിയുമായി ടെലഫോണിൽ സംഭവ വികാസങ്ങൾ ചർച്ച ചെയ്‌തത്‌. ഇസ്‌റാഈൽ നടത്തിയ നിയമവിരുദ്ധ നടപടികളെ സഊദി അറേബ്യ അപലപിക്കുന്നുവെന്നും എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും കരാറുകളും ലംഘിക്കുന്ന ഇസ്‌റാഈൽ നടപടികൾ ഉടൻ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പങ്കുവെച്ചു.

1967 ലെ അതിർത്തിയിൽ പലസ്തീൻ ജനതയ്ക്ക് ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ പ്രാപ്തരാക്കുന്ന ഫലസ്തീൻ പ്രശ്‌നത്തിന് ന്യായവും സമഗ്രവുമായ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രമങ്ങൾ പൂർത്തിയാക്കണമെന്ന് ഫൈസൽ രാജകുമാരൻ ആവശ്യപ്പെട്ടു. കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി അന്താരാഷ്ട്ര നിയമസാധുതയ്ക്ക് അനുസൃതമായി തീരുമാനങ്ങളും അറബ് സമാധാന പദ്ധതി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഗാസയ്‌ക്കെതിരായ ഇസ്‌റാഈൽ ആക്രമണവും ജറുസലേമിലെയും മറ്റ് പലസ്തീൻ പ്രദേശങ്ങളിലെയും ആക്രമണങ്ങൾ തടയാനുള്ള ശ്രമങ്ങളെ ഫൈസൽ രാജകുമാരനുമായി ചർച്ച ചെയ്തതായി ജോർദാൻ വിദേശകാര്യമന്ത്രി അയ്മാൻ സഫാദി ട്വീറ്റ് ചെയ്തു പറഞ്ഞു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ കടന്നു കയറ്റം സംബന്ധിച്ച് ഒമാൻ, ഈജിപ്ഷ്യൻ രാജ്യങ്ങളുമായും അദ്ദേഹം ചർച്ചകൾ നടത്തി.

Most Popular

error: