തെൽഅവീവ്: ഇസ്രാഈലിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി മരിച്ചതായി റിപ്പോർട്ട്. ഇസ്രാഈലിൽ ഹോം മെയ്ഡ് ആയി ജോലി ചെയ്തിരുന്ന അടിമാലി കീരിത്തോട് സ്വദേശിനി സൗമ്യയാണ് കൊല്ലപ്പെട്ടത്. 5 വർഷമായി സൗമ്യ ഇസ്രാഈലിൽ ജോലി ചെയ്യുകയായിരുന്നു.
ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന രോഗിയും മരിച്ചു. ഇസ്രഈലിൽ തന്നെ ജോലി ചെയ്യുന്ന സൗമ്യയുടെ ബന്ധുക്കളാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. വീട്ടിലേക്ക് വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് ജനലിലൂടെ റോക്കറ്റ് റൂമിലേക്ക് പതിച്ചത്. പെട്ടന്ന് തന്നെ ഇവർക്ക് സുരക്ഷ മുറിയിലേക്ക് ഓടി മാറുന്നതിന് സമയം കിട്ടിയില്ലെന്നാണ് ഇസ്രാഈലിൽ ഇവർ ഒപ്പം ജോലി ചെയ്യുന്ന മലയാളികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഇന്ന് വൈകിട്ട് ഇസ്രാഈൽ സമയം 3.30 ഓടെ (ഇന്ത്യൻ സമയം 6.30) ഇസ്രാഈലിനെതിരേ ഗസ്സ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. റോക്കറ്റ് ആക്രമണത്തിനിടെ കൂടെയുണ്ടായിരുന്ന വീൽചെയറിലായിരുന്ന രോഗിയുമായി സൗമ്യക്ക് രക്ഷപെടാൻ സാധിച്ചില്ല. മൃതദേഹം അഷ്ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.