Saturday, 27 July - 2024

സഊദിയിൽ കൊവിഡ് ലംഘനം; സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പിഴ, മന്ത്രാലയ നടപടികൾ ഇങ്ങനെ, ഇന്ന് പ്രഖ്യാപിച്ച പിഴ നടപടികൾ അറിയാം

റിയാദ്: സഊദിയിൽ കൊവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴകളും ശിക്ഷകളും വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം. നേരത്തെ, പുറപ്പെടുവിച്ച ചില പിഴകളിൽ മാറ്റം വരുത്തിയാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. അവ താഴെ പറയും പ്രകാരമാണ്.

നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കും നടത്തിപ്പുകാർക്കുമുള്ള പിഴകൾ

1: വീടുകൾ, ഫാമുകൾ, റസ്റ്റ് കേന്ദ്രങ്ങൾ, ഇതുപോലെയുള്ള സ്ഥലങ്ങളിലെ പ്രത്യേക സ്ഥലത്തോ ഒറ്റ സ്ഥലത്തോ ഒരുമിച്ച് താമസിക്കാൻ അനുവാദമില്ലാത്തവർ പരിധിവിട്ട് കൂടിയാൽ പതിനായിരം റിയാൽ വീതം പിഴ ഈടാക്കും.

2: വീടുകൾ, വിശ്രമ കേന്ദ്രങ്ങൾ, ഫാമുകൾ, ക്യാമ്പുകൾ, അല്ലെങ്കിൽ തുറന്ന സ്ഥലങ്ങൾ പോലെയുള്ള സ്ഥലങ്ങളിൽ നോൺ-ഫാമിലികൾ അനുവദിക്കപ്പെട്ടതിലധികം ആളുകളുമായി ഒത്തുചേർന്നാൽ പതിനയ്യായിരം റിയാൽ.

3: ഖബറടക്ക ചടങ്ങുകൾ, പാർട്ടികൾ തുടങ്ങിയ പൊതു ചടങ്ങുകളിൽ അനുവദിക്കപ്പെട്ടതിലധികം ആളുകളെ പങ്കെടുപ്പിച്ചാൽ 40,000 റിയാൽ.

4: ഒരുമിച്ച് താമസിക്കാൻ അനുവാദമില്ലാത്ത അഞ്ചിലധികം തൊഴിലാളികൾ വിശ്രമ കേന്ദ്രങ്ങൾ, ഫാമുകൾ എന്നിവിടങ്ങളിൽ ഒത്തു ചേർന്നാൽ അമ്പതിനായിരം റിയാൽ. ഇതിനെല്ലാം പുറമെ എല്ലാ വ്യക്തികൾക്കും പിഴ ഈടാക്കും

മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും (പ്രോട്ടോക്കോളുകൾ) പാലിക്കുന്നതിൽ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾ പരാജയപ്പെട്ടാലും പിഴ ഈടാക്കും. സ്ഥാപനത്തിനും വ്യക്തിക്കുമുള്ള പിഴ അതിന്റെ സ്ഥാപനങ്ങളുടെ വലിപ്പത്തിനനുസരിച്ചായിരിക്കും ഈടാക്കുക. അവ ഇപ്രകാരമാണ്

1: ഒന്ന് മുതൽ അഞ്ചു വരെ ആളുകളുള്ള ചെറിയ സ്ഥാപനങ്ങൾക്ക് 10,000 റിയാലുകൾ പിഴയും സ്ഥാപനം 5 ദിവസത്തേക്ക് അടച്ചു പൂട്ടുകയും ചെയ്യും.

2: ആറു മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് 20,000 റിയാലുകൾ പിഴയും സ്ഥാപനം 5 ദിവസത്തേക്ക് അടച്ചു പൂട്ടുകയും ചെയ്യും.

3: അമ്പത് മുതൽ 249 ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് 50,000 റിയാലുകൾ പിഴയും സ്ഥാപനം 5 ദിവസത്തേക്ക് അടച്ചു പൂട്ടുകയും ചെയ്യും.

4: വലിയ സ്ഥാപങ്ങൾ അഥവാ 250 മുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് 100,000 റിയാലുകൾ പിഴയും സ്ഥാപനം 5 ദിവസത്തേക്ക് അടച്ചു പൂട്ടുകയും ചെയ്യും.

ആവർത്തിച്ചാൽ മുമ്പത്തേതിനേക്കാൾ ഇരട്ടി പിഴ ഈടാക്കുകയും സ്ഥാപനം ആറു മാസത്തേക്ക് അടച്ചു പൂട്ടുകയും സ്ഥാപനത്തിന്റെ ഉടമക്ക് സ്ഥാപനത്തിന്റെ വലിപ്പത്തിനനുസരിച്ച് പിഴ ഈടാക്കുകയും ആവർത്തിച്ചാൽ ഇരട്ടിയാക്കുകയും ചെയ്യും. രണ്ടാം തവണയും ലംഘനം ആവർത്തിച്ചാൽ സ്ഥാപന ബ്രാഞ്ചിന്റെ ചുമതലയുള്ള വ്യക്തിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും തുടർന്നുള്ള നിയമ നടപടിക്രമങ്ങൾ അനുസരിച്ച് ജയിലിൽ അടയ്ക്കുകയും ചെയ്യും.

എന്നാൽ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ നടത്തുകയാണെങ്കിൽ മുകളിൽ സൂച്ചിപ്പിച്ച അടച്ചു പൂട്ടൽ നടപടികൾ ബാധകമല്ല. ഇത്തരം സ്ഥാപനങ്ങൾക്ക് ആദ്യ തവണ 24 മണിക്കൂർ, രണ്ടാം തവണ 48 മണിക്കൂർ, മൂന്നാമത്തെ തവണ ഒരാഴ്ച, നാലാം തവണ രണ്ട് ആഴ്ച , അഞ്ചാം തവണയോ അതിൽ കൂടുതലോ ഒരു മാസം. എന്നിങ്ങനെയാണ് അടച്ചു പൂട്ടുക.

വ്യക്തികളുടെ നിയമ ലംഘനങ്ങൾ ഇനി പറയുന്ന പോലെയാണ് കണക്കാക്കുന്നത്.

1: പ്രതിരോധ നടപടികളുടെ പ്രോട്ടോകോൾ ലംഘനങ്ങൾക്ക് ആയിരം റിയാൽ മുതൽ പതിനായിരം റിയാൽ വരെ പിഴ ഈടാക്കും.

മാസ്‌ക് ധരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ, പൊതു ഇടങ്ങളിൽ പ്രവേശിക്കുമ്പോൾ താപ നില അളക്കാൻ വിസമ്മതിക്കൽ, ശരീര താപനില 38 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുമ്പോൾ അംഗീകൃത നടപടിക്രമങ്ങൾ പാലിക്കാതിരിക്കൽ, നിജപ്പെടുത്തിയ ആപ്പുകളിലൂടെ ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ ആരോഗ്യ സ്ഥിതി നൽകുന്നതിൽ വീഴ്ച്ച വരുത്തൽ എന്നിവക്കാണ് ആയിരം റിയാൽ മുതൽ പതിനായിരം റിയാൽ വരെ പിഴ ഈടാക്കുക.

2: പെർമിറ്റ് ലഭിക്കാതെ ഹറമിൽ പ്രാർത്ഥന നടത്താൻ വരുന്നവർക്ക് ആയിരം റിയാൽ.

3: ക്ലോസ് (എ), ക്ലോസ് (ബി) എന്നിവയുടെ ഖണ്ഡിക (1-4) ൽ പരാമർശിച്ചിരിക്കുന്ന ഒത്തുചേരലുകളിൽ (മുകളിൽ ഒന്ന് മുതൽ നാല് വരെ സൂചിപ്പിച്ച കൂടിച്ചേരലുകൾ)പങ്കെടുക്കുന്ന ഓരോ വ്യക്തിയും 5,000 റിയാലുകൾ പിഴ കൊടുക്കേണ്ടി വരും.

ആവർത്തിച്ചാൽ, മുൻ തവണ ചുമത്തിയ പിഴ ഇരട്ടിയാക്കുകയും വീണ്ടും ആവർത്തിച്ചാൽ അദ്ദേഹത്തെ പബ്ലിക് പ്രോസിക്യൂഷനിൽ റഫർ ചെയ്യുകയും ജയിൽ ശിക്ഷ പോലെയുള്ളത് നേരിടേണ്ടി വരികയും ചെയ്യും.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/HeJuZfhyNGeE0uQQmahEvh

Most Popular

error: