ജിദ്ദ: വിശുദ്ധ റമദാനിലെ നോമ്പ് ആത്മാവിനെ തൊട്ടറിയുന്നതാവണമെന്നും നോമ്പിന്റെ ലക്ഷ്യം സൃഷ്ടാവിന്റെ പൊരുത്തം നേടലാവണമെന്നും പ്രമുഖ പണ്ഡിതൻ സുബൈർ പീടിയേക്കൽ പറഞ്ഞു. സൂക്ഷ്മത പാലിച്ച് കൊണ്ട് ജീവിതം നയിക്കാൻ നോമ്പ് കാരണമായിത്തീരണമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച വാരാന്ത്യ ഓൺലൈൻ പരിപാടിയിൽ ‘നോമ്പ് കാരന്റെ രണ്ടാമത്തെ സന്തോഷം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നോമ്പ്കാർക്ക് പാരത്രിക ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം തന്റെ രക്ഷിതാവിനെ നേരിൽ കാണാൻ കഴിയുക എന്നതാണെന്നും അതിന് ഏകനായ ദൈവത്തെ മാത്രം ആരാധിക്കുകയും പ്രവാചക ചര്യ ജീവിതത്തിൽ പകർത്തി പരമാവധി നന്മകൾ പ്രവർത്തിക്കുകയും തിന്മയിൽ നിന്ന് അകന്ന് നിൽക്കുകയും വേണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. അനാഥകളെ സംരക്ഷിക്കുന്നവർക്ക് സ്വർഗത്തിൽ പ്രവാചകനോടൊപ്പം ഉന്നത സ്ഥാനം ലഭിക്കുമെന്ന പ്രവാചക വചനം അദ്ദേഹം ഓർമ്മിപ്പിച്ചു.
പരിപാടിയിൽ ഇസ്‌ലാഹി സെന്റർ സെക്രട്ടറി ശിഹാബ് സലഫി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. അസീസ് സ്വലാഹി നന്ദിയും പറഞ്ഞു