Thursday, 12 December - 2024

സഊദിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ; 20 സംശയങ്ങളും ഉത്തരങ്ങളും

1: എന്താണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ? എന്ന് മുതലാണ് നിർബന്ധമാകുന്നത്?

രാജ്യത്ത് ഏഴു ദിവസം അധികൃതര്‍ ഒരുക്കുന്ന നിര്‍ബന്ധിത ഹോട്ടല്‍ വാസമാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ. മെയ് 20 മുതൽ എത്തുന്നവർക്ക് നിർബന്ധമാകും

2: ആര്‍ക്കൊക്കെയാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമല്ലാത്തത്?

ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, നയതന്ത്ര സ്ഥാപനത്തിന് കീഴിൽ വിസയുള്ളവരും അവരുടെ കുടുംബാംഗങ്ങളും. അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തെത്തുന്ന സ്വദേശി പൗരന്മാര്‍, അവരുടെ ഭാര്യ, ഭര്‍ത്താക്കന്മാർ, മക്കള്‍, ഇവരെ അനുഗമിക്കുന്ന ഗാര്‍ഹിക ജോലിക്കാര്‍, കൊവിഡിനെതിരെയുള്ള കുത്തിവെപ്പെടുത്തവര്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിമാന ജോലിക്കാർ, കപ്പല്‍ ജീവനക്കാര്‍, അതിര്‍ത്തി കടന്നെത്തുന്ന ചരക്ക് വാഹനങ്ങളിലെ ട്രക്ക് ഡ്രൈവര്‍മാർ, അവരുടെ സഹായികള്‍ എന്നിവര്‍ക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമില്ല

3: ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമില്ലാത്തവര്‍ക്ക് മറ്റേതെങ്കിലും നിബന്ധനകള്‍ ബാധകമാകുന്നുണ്ടോ?

അതെ, ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ബാധകമല്ലാത്ത മേല്‍ പറഞ്ഞ വിഭാഗത്തില്‍ പെടുന്നവര്‍ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കണം. ഇവര്‍ കുത്തിവെപ്പ് എടുത്തിട്ടില്ലെങ്കില്‍ വീട്ടിൽ ക്വാറന്റീനില്‍ കഴിയണം.

4: ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിബന്ധന ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ബാധകമാണോ?

അതെ, ബാധകമാണ്. ഇന്ത്യക്കാര്‍ക്ക് നിലവില്‍ സഊദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നില്ല, മറ്റു രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചതിനു ശേഷം സഊദിയിൽ എത്തുന്നവർക്കും ഇത് ബാധകമാണ്.

5: എത്ര ദിവസത്തെക്കാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ കഴിയേണ്ടത്?

ഏഴു ദിവസത്തേക്ക്. അവസാന ദിവസം പിസിആര്‍ പരിശോധന നടത്തി ഫലം നഗറ്റീവ് ആണെങ്കില്‍ എട്ടാമത്തെ ദിവസം ക്വാറന്റൈന്‍ കേന്ദ്രം വിടാനുള്ള അനുമതി ലഭിക്കും.

6: എപ്പോള്‍ മുതലാണ്‌ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ തുടങ്ങിയതായി കണക്കാക്കപ്പെടുന്നത് ?

ബുക്ക് ചെയ്ത ഹോട്ടലിലോ ഫര്‍ണീഷ്ഡ് അപാര്‍ട്ട്‌മെന്റുകളിലോ എത്തിയത് മുതൽ.

7: ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈന്‍ ചിലവ് എങ്ങനെ അടക്കും.

വിമാന ടിക്കറ്റിനൊപ്പം അടക്കാനുള്ള സംവിധാനമാണ് സജ്ജമാകുന്നത്. വാക്സിനെടുക്കാത്തവർ വിമാന ടിക്കറ്റിനോടൊപ്പം ഹോട്ടല്‍ ബുക്കിങിനും കൊവിഡ് ഇന്‍ഷുറന്‍സിനുമുള്ള തുക കൂടി അടക്കേണ്ടി വരും.

8: എയര്‍പോര്‍ട്ടില്‍ നിന്ന് എത്ര സമയത്തിനുള്ളിൽ കേന്ദ്രത്തിൽ എത്തണം?

സഊദിയിലെത്തി നാലു മണിക്കൂറിനുള്ളില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ എത്തിച്ചേരണം. അല്ലെങ്കിൽ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കണക്കാക്കും. നിയമ ലംഘകര്‍ക്ക് എതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

9: ലംഘിക്കുന്നവർക്ക് എന്തായിരിക്കും ശിക്ഷ?

ക്വാറന്റൈന്‍ വ്യവസ്ഥ ലംഘിച്ചാല്‍ 20,000 റിയാല്‍ പിഴയോ രണ്ടുവര്‍ഷം തടവോ രണ്ടുമൊന്നിച്ചോ ശിക്ഷയുണ്ടാകും. വിദേശികളാണെങ്കില്‍ അവരെ നാടുകടത്തി വീണ്ടും രാജ്യത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തും. നാലു മണിക്കൂറായിട്ടും ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയിട്ടില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് പോലീസില്‍ പരാതിപ്പെടാം.

10. നാട്ടില്‍ നിന്നും പുറപ്പെടുന്നവർ എത്ര മണിക്കൂര്‍ മുന്‍പ് പി സി ആര്‍ ടെസ്റ്റ്‌ നടത്തേണ്ടി വരും?

യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ പരിശോധിച്ച പിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് സഹിതമാണ് എയര്‍പോര്‍ട്ടില്‍ എത്തേണ്ടത്. നിബന്ധനകളില്‍ നിന്നും ഒഴിവാക്കപ്പെട്ടവരും എട്ടു വയസ്സിന് താഴെ പ്രായമുള്ളവരും ഒഴിലെ മറ്റെല്ലാ യാത്രക്കാരും നിര്‍ബന്ധമായി പി സി ആര്‍ ടെസ്റ്റ്‌ നടത്തിയിരിക്കണം. അല്ലാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.

11: സഊദിയിൽ എത്തിയാൽ എത്ര പിസിആർ ടെസ്റ്റ് വേണ്ടി വരും?

ഇവിടെ എത്തിയാൽ ആദ്യദിവസം പിസിആര്‍ പരിശോധന നടത്തും. ഏഴാമത്തെ ദിവസം മറ്റൊരു പിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ എട്ടാമത്തെ ദിവസം കേന്ദ്രം വിടാം.

12: ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈന്‍ ഏഴാമത്തെ ദിവസം പി സി ആര്‍ ടെസ്റ്റ്‌ നടത്തി റിസള്‍ട്ട് പോസിറ്റീവ് ആണെങ്കില്‍ എന്ത് ചെയ്യും?

ക്വാറന്റൈന്‍ സമയത്ത് പിസിആര്‍ പോസിറ്റീവ് ആവുകയാണെങ്കില്‍ അവര്‍ 14 ദിവസം വീണ്ടും ക്വാറന്റൈനില്‍ തുടരേണ്ടിവരും.

13: ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈന്‍ സമയത്ത് ചികിത്സ വേണമെങ്കിൽ എന്ത് ചെയ്യും?

ചികിത്സ ആവശ്യമെങ്കില്‍ സഊദി പൗരന്മാരെയും ഇഖാമയുള്ള വിദേശികളെയും ജിസിസി പൗരന്മാരെയും സര്‍ക്കാര്‍ ചെലവില്‍ ആശുപത്രിയിലേക്ക് മാറ്റും.

14: സന്ദര്‍ശക വിസക്കാര്‍ക്കുള്ള ചികിത്സ ചെലവ് എങ്ങനെയാണ്?

സന്ദര്‍ശക വിസക്കാര്‍ക്കുള്ള ചികിത്സാ ചിലവ് ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും.

15: എങ്ങിനെയാണ് സഊദിയിലെ ക്വാറന്റൈന്‍ കേന്ദ്രം നാട്ടില്‍ നിന്നും ബുക്ക് ചെയ്യുക?

ടിക്കറ്റ്, ക്വാറന്റൈന്‍, രണ്ട് പിസിആര്‍ ഉള്‍പ്പെടെയുള്ള പാക്കേജാണ് എയര്‍ലൈനുകള്‍ നല്‍കുക. സഊദി ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ഹോട്ടലുകളില്‍ മാത്രമേ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ അനുവദിക്കൂ. അത് കൊണ്ട് തന്നെ ഇത്തരം ഹോട്ടലുകളുമായി എയര്‍ലൈനുകള്‍ ധാരണയില്‍ എത്തും. ഇത്തരം ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ബുക്ക് ചെയ്യേണ്ടത് എയര്‍ലൈന്‍ വഴിയാണ്.

16:. കൊവിഡ് ഇന്‍ഷുറന്‍സ് എല്ലാവരും എടുക്കേണ്ടതുണ്ടോ?

സഊദി പൗരന്മാര്‍, സൗദി ഇഖാമയുള്ള വിദേശികള്‍, ജിസിസി പൗരന്മാര്‍ എന്നിവരൊഴികെ മറ്റെല്ലാവരും ഇന്‍ഷുറന്‍സ് എടുക്കണം. കുത്തിവെപ്പെടുക്കാതെ സൗദിയിലെത്തുന്ന മുഴുവൻ പേരും കൊവിഡ് കവേറജുള്ള ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമായി എടുക്കണം.

17. വാക്സിന്‍ എടുക്കാത്ത യാത്രക്കാര്‍ എടുക്കേണ്ട കൊവിഡ് ഇന്‍ഷുറന്‍സ് പോളിസിയുടെ കൂടുതല്‍ വിവരങ്ങള്‍ എന്താണ്?

ഒരു മാസമാണ് (30 ദിവസം) ഈ പോളിസിക്ക് കാലാവധിയുള്ളത്. 375 റിയാലാണ് പ്രീമിയമായി നല്‍കേണ്ടത്. സഊദിയിലെ കൊവിഡ് ചികിത്സ, ക്വാറന്റൈന്‍, കൊവിഡ് മൂലം ഉണ്ടാകുന്ന യാത്ര തടസ്സങ്ങള്‍ക്ക് നഷ്ടപരിഹാരം, അടിയന്തിര സാഹചര്യങ്ങളില്‍ കൂടുതല്‍ വിദഗ്ദ ചികിത്സക്കായി നാട്ടില്‍ എത്തിക്കല്‍, മരണം സംഭവിക്കുകയാണെങ്കില്‍ മൃതദേഹം നാട്ടില്‍ എത്തിക്കല്‍ തുടങ്ങിയവക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇന്‍ഷുറന്‍സ് എടുത്തവര്‍ക്ക് ആറര ലക്ഷം റിയാല്‍ വരെ കൊവിഡ് ചികിത്സ ലഭിക്കും. കൊവിഡ് രോഗികള്‍ക്ക് ക്വാറന്റൈനില്‍ കഴിയേണ്ടി വന്നാല്‍ ആ ചിലവിലേക്ക് ദിവസവും 450 റിയാല്‍ വരെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കും.

18. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിബന്ധന പ്രകാരം താമസിക്കേണ്ടത് എവിടെയാണ് ?

സഊദിയില്‍ പ്രവേശിക്കുന്ന നഗരത്തില്‍ തന്നെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ വേണം. രാജ്യമൊട്ടാകെ ക്വാറന്റൈന്‍ ആവശ്യത്തിനായി 1237 കേന്ദ്രങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഓരോ പ്രദേശത്തെയും ഔദ്യോഗിക ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ കേന്ദ്രങ്ങളുടെ എണ്ണം താഴെ കൊടുക്കുന്നു:

റിയാദ് – 356, ജിദ്ദ – 240, ദമാം – 123, അബഹ – 129, തായിഫ് – 112, മദീന – 110, ഖസീം – 53, അല്‍ജൗഫ് – 40, ജിസാന്‍ – 46, അല്‍ഹസ – 38, ഹായില്‍ – 37, തബൂക്ക് – 17, യാമ്പു – 35, അല്‍ഉല – 1

19: ഈ കേന്ദ്രങ്ങൾ അറിയാൻ ലിങ്കിൽ ക്ലിക് ചെയ്തു പ്രവിശ്യയും സിറ്റിയും തിരഞ്ഞെടുക്കുക.

https://cdn.mt.gov.sa/public/licensedAccommodations/integrated.html

20: വാക്സിന്‍ എടുത്തവര്‍ക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനില്‍ നിന്നും ഇളവ് നല്‍കുന്നുണ്ടോ?

രണ്ട് ഡോസ് കൊവിഡ് കുത്തിവെപ്പെടുത്തവർക്ക് ഇളവുണ്ട്. സഊദി ആരോഗ്യ മന്ത്രാലയം അനുവദിച്ച ഫൈസർ ബൈയോട്ടക്, ഓക്സ്‌ഫോർഡ് ആസ്ട്ര സെനിക (കൊവിഷീല്‍ഡ്), മൊഡെർണ എന്നീ വാക്സിന്റെ രണ്ടു ഡോസുകളും ജോൺസൻ വാക്സിന്റെ ഒറ്റ ഡോസും എടുത്തവർക്ക് ക്വാറന്റീൻ ഇളവുകള്‍ നല്‍കും. എന്നാല്‍ ഇവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായും കുത്തിവെപ്പ് എടുത്തത് തെളിയിക്കുന്ന രേഖ കയ്യില്‍ കരുതണം.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/HeJuZfhyNGeE0uQQmahEvh

Most Popular

error: