തിരുവനന്തപുരം: മുൻ സംസ്ഥാന മന്ത്രിയും ജെ.എസ്.എസ് സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായ കെ.ആർ. ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. കേരളത്തിന്‍റെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിൽ പോരാട്ടത്തിന്‍റെയും ചെറുത്തുനിൽപ്പിന്‍റെയും പടിയിറക്കത്തിന്‍റെയുമൊക്കെ സമാനതകളില്ലാത്ത ഏട് എഴുതിച്ചേർത്താണ് സംസ്ഥാനം കണ്ട തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായ ഗൗരിയമ്മയുടെ മടക്കം.
രക്തത്തിലെ അണുബാധയെ തുടർന്ന് കരമന പി.ആർ.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനിയും ശ്വാസംമുട്ടലും കാരണമാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധയില്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ തന്നെ കൂടുതൽ കാലം സംസ്ഥാന മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോർഡ് ഗൗരിയമ്മക്കാണ്. ഇതോടൊപ്പം,കേരള രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരായിരുന്നു ഗൗരിയമ്മയുടേത്. കേരള നിയമസഭയിൽ രണ്ടുതവണ ചേർത്തല നിയോജകമണ്ഡലത്തെയും എട്ടുതവണ അരൂർ നിയോജകമണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്.