Thursday, 12 September - 2024

ദുഷ്‌കരമായ ഈ സമയങ്ങളിൽ ഇന്ത്യയോട് ചേർന്ന് നിൽക്കുന്നു, ഐക്യദാർഢ്യം പ്രഖ്യാപിച്ചു സഊദി അറേബ്യ

ന്യൂഡൽഹി: കൊവിഡ്-19 ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഈ ദുഷ്‌കരമായ സമയങ്ങളിൽ സഊദി അറേബ്യ ഇന്ത്യയുമായി ഐക്യദാർഢ്യം പുലർത്തുന്നുവെന്ന് ഇന്ത്യയിലെ സഊദി എംബസി അറിയിച്ചു. ആരോഗ്യ സഹകരണം, മനുഷ്യജീവിതം സംരക്ഷിക്കൽ, മഹാമാരിക്കെതിരെ പ്രതിരോധം വളർത്തുക എന്നിവയാണ് ഞങ്ങളുടെ ശ്രദ്ധേയമായ ബന്ധങ്ങളുടെ പ്രധാന വശങ്ങളെന്നു ന്യൂഡൽഹിയിലെ സഊദി എംബസി പ്രസ്താവാനയിൽ അറിയിച്ചു.

പതിറ്റാണ്ടുകളായി ഇന്ത്യയുമായി സഹകരണവും സൗഹൃദവും വളർത്തിയെടുക്കുന്ന സഊദി അറേബ്യ, ഇന്ത്യയിലെ ഞങ്ങളുടെ സഹോദരീസഹോദരന്മാർക്കൊപ്പം നിൽക്കുകയും ഈ പ്രതിസന്ധിയിൽ നിന്ന് അവർ കൂടുതൽ ശക്തിയോടെ മോചിതരാകുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് എംബസി ആശംസിച്ചു. കൊവിഡ് -19 ന്റെ രണ്ടാം തരംഗത്തെ ഇന്ത്യ ശക്തമായി നേരിടുമ്പോഴാണ് സഊദി മിഷന്റെ പ്രസ്താവന.

യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക എന്നിവക്കൊപ്പം ഓക്സിജൻ വിതരണത്തിൽ കുറവുണ്ടായപ്പോൾ സഊദി അറേബ്യ 80 മെട്രിക് ടൺ ദ്രാവക ഓക്സിജൻ ഇന്ത്യയിലേക്ക് അയച്ചിരുന്നു. അദാനി ഗ്രൂപ്പും ലിൻഡെ കമ്പനിയും സഹകരിച്ചാണ് കയറ്റുമതി നടത്തിയത്.

80 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നതിൽ അദാനി ഗ്രൂപ്പുമായും ലിൻഡെയുമായും പങ്കാളിയാകാൻ കഴിഞ്ഞതിൽ ഇന്ത്യൻ എംബസി അഭിമാനിക്കുന്നുവെന്നും സഊദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ സഹായത്തിനും പിന്തുണയ്ക്കും സഹകരണത്തിനും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും റിയാദിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

Most Popular

error: