കൊച്ചി: ട്രെയിനിൽ നിന്ന് എറിഞ്ഞു കൊടുത്ത കഞ്ചാവ് കൊണ്ടു പോകുന്നതിനിടയിൽ യുവതി പിടിയിൽ. ഒഡീഷ കണ്ഡമാൽ സ്വദേശിനി ശാലിനി ബല്ലാർ സിങ്ങിനെ (24)യാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ നെടുവന്നൂരാണ് സംഭവം.
തീവണ്ടിയിൽ നിന്ന് എന്തോ പൊതികൾ വലിച്ചെറിയുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ പൊതികൾ ശേഖരിച്ച് പോകുന്ന യുവതിയെയാണ് കണ്ടത്. യുവതിയുടെ ബാഗിൽ നാല് പൊതികളിലായി തീവണ്ടിയിൽ നിന്നും എറിഞ്ഞു കൊടുത്ത 8 കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്.
റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് കടത്തുകാർ പുതിയതന്ത്രം പരീക്ഷിച്ചത്. ആളൊഴിഞ്ഞ സ്ഥലം നേരത്തെ കണ്ടുവയ്ക്കും. തീവണ്ടിയിൽ കൊണ്ടുവരുന്ന കഞ്ചാവ് ആ ഭാഗത്ത് എത്തുമ്പോൾ പുറത്തേക്ക് എറിയും. അവിടെ കാത്തു നിൽക്കുന ആളുകൾ കഞ്ചാവുമായി സ്ഥലം വിടും. പിടിയിലായ യുവതി നേരത്തെ ഈ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
. ….





