റിയാദ്: അടുത്ത ആഴ്ചയ വിമാന സർവീസുകൾ ആരംഭിക്കാൻ രാജ്യത്തെ വിമാനത്താവളങ്ങൾ തയ്യാറാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് സ്ഥിരീകരിച്ചു. കൊറോണയെക്കുറിച്ചുള്ള ആനുകാലിക പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതമായ യാത്ര കൈവരിക്കുന്നതിന് പാലിക്കേണ്ട എല്ലാ നിർദ്ദേശങ്ങളും നടപടിക്രമങ്ങളും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. വരും ദിവസങ്ങളിൽ അതോറിറ്റി ഇക്കാര്യത്തിൽ വ്യക്തമായ ഒരു രൂപരേഖ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“തവക്കൽന” ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്കല്ലാതെ വിമാനത്താവളങ്ങളിലേക്കോ വിമാനങ്ങളിലേക്കോ പ്രവേശനം അനുവദിക്കില്ലെന്നും വിമാനത്തിൽ കയറുമ്പോഴും പുറപ്പെടുമ്പോഴും ശാരീരിക അകലം പാലിക്കാൻ യാത്രക്കാർ പ്രതിജ്ഞാബദ്ധമാകണമെന്നും അദ്ദേഹം വിശദീകരിച്ചു.