റിയാദ്: സഊദിയിൽ പെരുന്നാൾ ദിന ഒത്തുചേരലുകളിൽ ഇരുപത്തിലധികം ആളുകൾ ഉണ്ടാകരുതെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. പെരുന്നാളിനോടനുബന്ധിച്ച കുടുംബ സമ്മേളനങ്ങളിലോ ആഘോഷങ്ങളിലോ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആണെന്നാണ് മന്ത്രാലയം വ്യകതമാക്കിയത്. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ യോഗ്യതയുള്ള റെഗുലേറ്ററികളുടെ അധികാരികൾ എല്ലാ പ്രദേശങ്ങളിലും ശക്തമായ നിരീക്ഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈദ് നിസ്കാരങ്ങൾക്ക് പോകുന്നതും പൂർണ്ണ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നും സ്വന്തമായി നമസ്‌കാര പടം കരുതുക, ഹസ്തദാനം നടത്താതിരിക്കുക, സുരക്ഷിത അകലം പാലിക്കുക, മാസ്‌ക് ധരിക്കുക എന്നിവയിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു