മനാമ: ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതിയ മാർഗ്ഗ നിർദേശങ്ങൾ പെരുന്നാൾ ദിവസം മുതൽ നിലവിൽ വരും. കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന നാഷനൽ മെഡിക്കൽ ഫോഴ്‌സാണ് നിലവിൽവരുന്ന പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചത്. വാക്‌സിൻ സ്വീകരിച്ചവർക്കും കൊവിഡ്മുക്തർക്കും കോവിഡ് ടെസ്റ്റ് നിബന്ധനയിൽ ഇളവ് ലഭിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് നിലവിൽ വരിക.
പുതിയ നിബന്ധനകൾ പ്രകാരം ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് വരുന്ന ആറുവയസിന് മുകളിൽ പ്രായമുള്ളവർ യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് പരിശോധനയുടെ ക്യൂ.ആർ കോഡ് പതിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ, ബഹ്‌റൈനിൽ ഇവർ ബഹ്‌റൈനിൽ എത്തിയ ദിവസവും ദിവസവും അഞ്ചാം ദിവസവും പത്താം ദിവസവുമുള്ള മൂന്ന് കൊവിഡ് പരിശോധനകൾക്കും വിധേയരാകണം.
അതേസമയം, ബി അവെയർ മൊബൈൽ ആപ്‌ളിക്കേഷനിൽ വാക്‌സിനേഷന്റെയോ രോഗവിമുക്തിയുടെയോ സ്റ്റാറ്റസ് പച്ചയായിട്ടുള്ള ബഹ്‌റൈൻ പൗരൻമാർക്കും താമസക്കാർക്കും രാജ്യത്തെത്തിയ ശേഷമുള്ള കൊവിഡ് പരിശോധനയിൽ ഇളവുണ്ട്. കൂടാതെ, വാക്‌സിൻ സ്വീകരിച്ചവരോ കൊവിഡ് മുക്തരോ ആയ ജിസിസി രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കും പിസിആർ പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല. ഇവർ വാക്‌സിൻ സർട്ടിഫിക്കറ്റൊ അതാത് ജിസിസി രാജ്യങ്ങളിലെ ഔദ്യോഗിക കൊവിഡ് ആപ്ലിക്കേഷനുകളോ തെളിവായി ഹാജരാക്കണം.