ബെയ്ജിങ്: ഏറെ ദിവസങ്ങളായി ലോകത്തെ മുൾമുനയിൽ നിർത്തിയ ചൈനീസ് റോക്കറ്റ് ഒടുവിൽ ഭൂമിയിൽ പതിച്ചു. മണിക്കൂറുകൾക്ക് മുമ്പ് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച റോക്കറ്റിന്‍റെ മാലദ്വീപിനോടു ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിലാണ് ചിതറിത്തെറിച്ചത്. റോക്കറ്റിന്‍റെ ഭാഗങ്ങളിലേറെയും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോഴെ കത്തിയെരിഞ്ഞതായും ചില ഭാഗങ്ങൾ മാത്രമാണ് കടലിൽ വീണതെന്നും ചൈന അറിയിച്ചു.
നേരത്തേ, റോക്കറ്റ് കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒമാന്‍, ഇസ്രഈൽ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്. ടിയാന്‍ഹെ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട റോക്കറ്റിന്‍റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.
മാർച്ച് 5ബി ഏപ്രിൽ 20 നാണ് ചൈനയിലെ ഹൈനാൻ ദ്വീപിൽ നിന്ന് നാലു ബൂസ്റ്ററുകളും ഒരു കോർ സ്റ്റേജുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. ചൈനയുടെ സ്വന്തം ബഹിരാകാശ ഏജൻസിക്കു വേണ്ട സാമഗ്രികളും വഹിച്ചു പുറപ്പെട്ട റോക്കറ്റ് അവ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് ദൗത്യം പൂർത്തിയായി മടങ്ങുകയായായിരുന്നു. റോക്കറ്റ് അപകടമില്ലാതെ അന്തരീക്ഷത്തിൽ കത്തിത്തീരുകയോ അവശേഷിച്ച ഭാഗങ്ങൾ സമുദ്രത്തിൽ വീഴുകയോ ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.