റിയാദ്: സഊദിയിലേക്ക് ആരോഗ്യ മേഖലയിൽ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന തരത്തിൽ തട്ടിപ്പുകൾ വ്യാപകമായി. ഇതിനകം തന്നെ നിരവധി പേരാണ് തട്ടിപ്പിൽ കുടുങ്ങിയിരിക്കുന്നതെന്നാണ് വിവരം. നിലവിലെ കൊവിഡ് സാഹചര്യം മുതലെടുത്ത് വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികളാണ് തട്ടിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. സഊദിയിലേക്ക് കൊവിഡ് വാക്‌സിനേഷൻ ഡ്യൂട്ടിക്കായി റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന തരത്തിൽ നടന്ന തട്ടിപ്പിൽ നിരവധി പേർക്ക് പണം നഷ്ടമായതാണ് സൂചന. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനാണ് ഇത് സംബന്ധിച്ച തട്ടിപ്പുകൾ പുറത്ത് വിട്ടത്.
റിയാദ് എംബസി വഴി സഊദിയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നതായാണ് പ്രചാരണം. കൊവിഡ് വാക്സിനേഷൻ ഡ്യൂട്ടിക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന വാഗ്‌ദാനത്തോടെയാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്. നോർക്കയുടെ പ്രതിനിധികൾ എന്ന വ്യാജേനയാണ് ഏജൻ്റുമാർ നഴ്സുമാരെ ചതിയിൽ പെടുത്തിയിട്ടുള്ളത്. നിരവധി പേർ ഇതിനകം തന്നെ ചതിയിൽ കുടുങ്ങിയതായും പണം നഷ്ടപ്പെട്ടതായും യു എൻ എ അറിയിച്ചു. റിക്രൂട്ട്മെന്റ് തട്ടിപ്പ് വ്യാപകമായതോടെ യുഎൻഎ സഊദി കോർഡിനേറ്റർമാർ റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പുകളുടെ ചുരുളഴിഞ്ഞത്.
റിക്രൂട്ട്മെന്റ് ചിലവുകൾക്കെന്നോണം ഭൂരിഭാഗവും ഗൂഗിൾ പേ വഴിയാണ് ഏജൻറ് മാർക്ക് പണം കൈ മാറിയിട്ടുള്ളത്. അതിനാൽ തന്നെ പരാതിപ്പെടാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. 36,400 രൂപയോളമാണ് പ്രോസസിംഗ് ഫീ എന്ന നിലയിൽ ഈടാക്കിയിട്ടുള്ളത്. ഏകദേശം നാൽപതോളം ആളുകകൾ ഇത്തരത്തിൽ പണം നൽകിയാതായാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചന.
യുഎഇയിലും വാക്സിനേഷൻ ഡ്യൂട്ടിക്ക് എന്ന് പറഞ്ഞ് കൊണ്ട് പോയ നേഴ്സുമാരിൽ വലിയൊരു വിഭാഗവും പറ്റിക്കപ്പെട്ടിട്ടുണ്ടെന്നു ആൾ ഇന്ത്യ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്‌മിൻഷാ വെളിപ്പെടുത്തി. വ്യാജ ഏജൻസികളുടെ ഇടനിലക്കാരെ കണ്ടെത്തി തിരികെ പണം ലഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ് യുഎൻഎ എന്നും അദ്ദേഹം പറഞ്ഞു.