കോഴിക്കോട്: യു.ഡി.എഫ് കേന്ദ്രങ്ങളെ അമ്പരപ്പിച്ച തിരുവമ്പാടിയിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് തിരുവമ്പാടി യു.ഡി.എഫില്‍ ആഭ്യന്തര കലഹം രൂക്ഷം. മനപൂര്‍വം കോണ്‍ഗ്രസ് കാലുവാരി എന്ന് ആരോപിക്കുന്ന മുസ്‌ലിം ലീഗ് അണികൾ കോൺഗ്രസിന് കനത്ത തിരിച്ചടി നല്‍കണം എന്ന ആവശ്യം നേതൃത്വത്തിന് മുന്‍പാകെ വച്ചതായാണ് സൂചന.
എക്കാലത്തും യു.ഡി.എഫിനെ തുണച്ച കോണ്‍ഗ്രസ് കോട്ടകളില്‍ വ്യാപകമായ തോതില്‍ വോട്ട് മറിഞ്ഞതാണ് ലീഗണികളെ ചൊടിപ്പിച്ചത്. ഇതു സംബന്ധമായി രൂക്ഷമായ ഭാഷയിലാണ് ലീഗണികള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രതികരിക്കുന്നത്. തിരുവമ്പാടിയില്‍ കാലങ്ങളായി കോണ്‍ഗ്രസ് മുസ്‌ലിം ലീഗിനെ ചതിക്കുകയാണെന്നും കോണ്‍ഗ്രസിനൊപ്പമുള്ള ചങ്ങാത്തം അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. യു.ഡി.എഫ് മുന്‍ സ്ഥാനാര്‍ഥിയായിരുന്ന വി.എം ഉമ്മര്‍ മാസ്റ്ററുടെ പോസ്റ്ററുകള്‍ വരെ കോണ്‍ഗ്രസുകാര്‍ കീറിയപ്പോള്‍ പോലും 260 വോട്ടുകള്‍ക്ക് വരെ ലീഡ് നേടിയ പുന്നക്കല്‍ ഭാഗത്ത് ഇത്തവണ കാര്യമായ വോട്ട് ചോര്‍ച്ച ഉണ്ടായെന്നും ഇത് കോണ്‍ഗ്രസുകാരുടെ വേലയാണെന്നും ലീഗണികള്‍ കരുതുന്നു.
പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ നാനൂറില്‍ പരം വോട്ടുകള്‍ക്ക് ലീഡ് ചെയ്ത പുല്ലൂരാംപാറയില്‍ ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.പി ചെറിയ മുഹമ്മദിന് നൂറില്‍ താഴെ മാത്രമാണ് ലീഡ്. കോണ്‍ഗ്രസ് വര്‍ഗീയ കാര്‍ഡ് ഇറക്കിയെന്ന് വരെ സംശയിക്കുന്നവരും ലീഗണികളില്‍ കുറവല്ല. കോണ്‍ഗ്രസിന്‍റെ മറ്റൊരു കുത്തക വാര്‍ഡായ മുത്തപ്പന്‍പുഴയിലും കാര്യമായ വോട്ടുചോര്‍ച്ച ഉണ്ടായി. നാലു മാസം മുന്‍പ് നടന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് രാപ്പകലില്ലാതെ ഓടി നടന്ന തങ്ങള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസില്‍ നിന്ന് കിട്ടിയത് കടുത്ത ചതി മാത്രമാണെന്നും ഇവര്‍ കരുതുന്നു.
പഞ്ചായത്തില്‍ കോണ്‍ഗ്രസിനേയും യു.ഡി.എഫിനേയും നയിക്കേണ്ടവരില്‍ ചിലര്‍ കൊവിഡ് പറഞ്ഞ് മാറി നിന്നതായും മറ്റു ചില കോണ്‍ഗ്രസ് നേതാക്കള്‍ അഡ്വ.ടി. സിദ്ദീഖിന് വേണ്ടി കല്‍പ്പറ്റയില്‍ കറങ്ങുകയായിരുന്നുവെന്നും ഇത് മനഃപൂര്‍വമായിരുന്നുവെന്നും തിരുവമ്പാടിയില്‍ ഒരു തവണ കൂടി ലീഗ് സ്ഥാനാര്‍ഥി തോറ്റാല്‍ അടുത്ത തവണ സീറ്റ് കോണ്‍ഗ്രസിന് കിട്ടുമെന്ന് കണക്കുകൂട്ടിയ കോണ്‍ഗ്രസ് നേതാക്കള്‍ പാര പണിയുകയായിരുന്നുവെന്നുവരെ പറയുന്ന ലീഗണികൾ എന്നാല്‍ അടുത്ത തവണ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയാൽ ഇത്തവണ കോണ്‍ഗ്രസ് ചെയ്തതിന് കണക്ക് തീര്‍ക്കാന്‍ കാത്തു നില്‍ക്കുകയാണെന്നും പ്രവര്‍ത്തകര്‍ പറയുന്നണ്ട്.
തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തില്‍ നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനു മുന്നോടിയായി തിരുവമ്പാടി ടൗണില്‍ കോണ്‍ഗ്രസിന്‍റെ പതാക എം.എസ്.എഫുകാരായിരുന്നു കെട്ടിയത് എന്നും തൊണ്ടിമ്മല്‍ മുതല്‍ തമ്പലമണ്ണ വരെ ഫ്ളക്സ് വക്കാന്‍ പോലും കോണ്‍ഗ്രസുകാരെ കണ്ടില്ലെന്നും റോഡ് ഷോക്ക് വന്ന ലീഗ് പ്രവര്‍ത്തകരോട് ലീഗിന്‍റെ കൊടി താഴ്ത്തി പിടിക്കണമെന്നും നിങ്ങളെ കൊടി കണ്ടാല്‍ അച്ചായന്‍മാര്‍ വോട്ട് ചെയ്യില്ല എന്നും കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ പറഞ്ഞതായി ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.
അതേ സമയം തിരുവമ്പാടിയില്‍ കോണ്‍ഗ്രസിന്‍റെ കൊടും ചതിക്ക് പഞ്ചായത്ത് ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിക്കണം എന്ന അഭിപ്രായവും ലീഗില്‍ ശക്തമാണ്. പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയം വന്നാല്‍ പിന്തുണക്കണം എന്ന അഭിപ്രായമുള്ളവരും ഉണ്ട്.
നിലവില്‍ പതിനേഴംഗങ്ങളില്‍ 8 പേര്‍ കോണ്‍ഗ്രസും 2 പേര്‍ മുസ്‌ലിം ലീഗും 7 പേര്‍ സി.പി.എമ്മുമാണ്. പ്രസിഡന്‍റിനെതിരെ സി.പി.എം അവിശ്വാസ പ്രമേയം കൊണ്ടുവരികയും ലീഗ് പിന്തുണക്കുകയും ചെയ്താല്‍ പ്രമേയം പാസാകും. തിരുവമ്പാടി പഞ്ചായത്ത് ആരു ഭരിക്കണമെന്ന് മുസ്‌ലിം ലീഗ് തീരുമാനിക്കുന്ന സ്ഥിതിയാകയാല്‍ കടുത്ത തീരുമാനം തന്നെ വേണം എന്ന അഭിപ്രായം ലീഗില്‍ ശക്തിപ്പെടുകയാണ്. കോണ്‍ഗ്രസിന് ആവശ്യമില്ലാത്ത യു.ഡി.എഫ് ലീഗിനും ആവശ്യമില്ലെന്നും ഈ വിഷയത്തില്‍ പഞ്ചായത്തിന് പുറത്തുള്ള ഒരു നേതൃത്വവും അഭിപ്രായം പറയേണ്ടതില്ലെന്നും ക്ഷുഭിതരായ ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.