ദുബൈ: സഊദി, യു എ ഇ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് പ്രവാസികളാണ് ഈ മാസം പകുതിയോടെ ഉണ്ടാകുന്ന പ്രഖ്യാപനത്തിലേക്ക് പ്രതീക്ഷയോടെ ഉറ്റു നോക്കികൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്ക് യുഎഇ ഈ മാസം പതിനഞ്ചിനു നീക്കുമെന്നാണ് കരുതുന്നത്. യുഎഇയിൽ തിരിച്ചെത്താൻ കഴിയാതെ നാട്ടിൽ കുടുങ്ങി കിടക്കുന്ന ആയിരങ്ങൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനത്തിനായാണ് യുഎഇ പ്രവാസികൾ കാത്തിരിക്കുന്നതെങ്കിൽ സഊദിയുടെ നിരോധിത രാജ്യങ്ങളുടെ ലിസ്റ്റിൽ നിന്നും യു എ ഇ യെ ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് സഊദി പ്രവാസികൾ.
കഴിഞ്ഞ മാസം 25 നാണു ഇന്ത്യയിൽ നിന്ന് യുഎഇ യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. ആദ്യം മെയ് അഞ്ചാം തിയ്യതി വരെ പത്ത് ദിവസത്തേക്കായിരുന്നു നിരോധനമെങ്കിൽ പിന്നീടത് നീട്ടുകയായിരുന്നു. മെയ് പതിനാല് വരെയാണ് ഇപ്പോഴത്തെ നിരോധനം. പതിനാലിന് നിരോധനം നീക്കുന്നതോടെ ഇന്ത്യയിൽ നിന്നും യുഎഇ യിലേക്കുള്ള വിമാന സർവ്വീസ് സാധാരണ നിലയിലാകുന്നതോടെ യുഎഇ പ്രവാസികൾക്ക് ഏറെ ആശ്വാമാകും. എന്നാൽ, ഇക്കാര്യത്തിൽ രണ്ടു രാജ്യങ്ങളുടെയും ഔദ്യോഗിക പ്രഖ്യാപനം ഇത് വരെ ഉണ്ടായിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, മെയ് പതിനേഴിനാണ് സഊദി അറേബ്യ അന്താരാഷ്ട്ര വിമാന യാത്ര വിലക്ക് എടുത്തു കളയുന്നത്. രണ്ടു മാസം മുമ്പ് ഏറ്റവും ഒടുവിൽ സഊദി അറേബ്യ പുതുക്കിയ കൊവിഡ് വിലക്കുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ യുഎഇ ഉൾപ്പെട്ടതോടെ സഊദി പ്രവാസികളുടെ രണ്ടാം യാത്ര ദുരിതം ആരംഭിക്കുകയായിരുന്നു. ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാന സർവ്വീസ് ഒരു വർഷത്തിലേറെയായി സഊദി അറേബ്യ നിർത്തി വെച്ചിരിക്കുകയാണ്. ഇതേ തുടർന്ന് ദുബൈ വഴിയുള്ള യാത്ര തുടരുന്നതിടെയാണ് യുഎഇ യിൽ വൈറസ് വ്യാപനത്തെ തുടർന്ന് യുഎഇയെയും ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇതോടെ ദുബൈ വഴിയുള്ള സഊദി പ്രവാസികളുടെ യാത്ര നിലക്കുകയായിരുന്നു.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കുള്ള വിലക്ക് സഊദി അറേബ്യ നീക്കാൻ സാധ്യതയില്ലെങ്കിലും യുഎഇ ക്കുള്ള വിലക്കെങ്കിലും നീക്കുമെന്ന ആതമവിശ്വാസത്തിലാണ് സഊദി പ്രവാസികൾ. ഇന്ത്യ-സഊദി വിലക്ക് നില നിൽക്കുകയാണെങ്കിലും യുഎഇ വിലക്ക് സഊദി ഒഴിവാക്കുകയും ഇന്ത്യൻ വിലക്ക് യുഎഇ ഒഴിവാകുകയും ചെയ്താൽ പഴയത് പോലെ തന്നെ എളുപ്പത്തിൽ ദുബൈ വഴിയുള്ള സഊദി യാത്ര നടത്താനാകും. ഇത്തരത്തിൽ ദുബൈ മുഖേന സഊദിയിലേക്ക് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകൂ👇