Saturday, 27 July - 2024

ലോകത്തെവിടെ നിന്നുള്ളവർക്കും പങ്കെടുക്കാം; റാക്ക ഇസ്‌ലാമിക് സെന്‍റര്‍ “ആയാത്ത്” ഖുര്‍ആന്‍ വിജ്ഞാന മത്സരം ശ്രദ്ധേയമാകുന്നു

അൽഖോബാർ: വിശുദ്ധ ഖുർആനിൻ്റെ അവതരണ മാസത്തിൽ ഖുർആനിക വചനങ്ങൾ പരിചയപ്പെടാൻ സുവർണാവസരം നല്‍കി സഊദി അറേബ്യന്‍ മതകാര്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അൽഖോബാർ റാക ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന റമദാന്‍ ഓണ്‍ലൈന്‍ പ്രശ്നോത്തരി മത്സരം ആഗോള തലത്തില്‍ മലയാളി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. റമദാന്‍ അഞ്ചു മുതല്‍ ആരോഭിച്ച മത്സരം എല്ലാ ദിവസവും സഊദി സമയം വൈകുന്നേരം 4 മണിക്ക് (ഇന്ത്യന്‍ സമയം 6.30 ന്) മുമ്പായി റാക ഇസ്‍ലാമിക് സെന്റര്‍ മലയാള വിഭാഗം ടെലഗ്രാം ചാനലില്‍ ചോദ്യം പോസ്റ്റ് ചെയ്യുന്ന ചോദ്യത്തിനു ഉത്തരമയക്കുന്ന രീതിയാണ്‌ മത്സര ക്രമം. പ്രായ ലിംഗ ഭേദമന്യെ ഏതു രാജ്യത്ത് താമസിക്കുന്ന മലയാളികള്‍ക്കും ഈ മത്സരത്തിൽ പങ്കെടുക്കാമെന്നതാണ് ഇതിന്റെ വ്യത്യസ്തമാക്കുന്നത്‌.

ശരിയുത്തരമയച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ഒരു വിജയിയെ കണ്ടെത്തുകയും100 റിയാല്‍ (ഏകദേശം 2000 ഇന്ത്യൻ രൂപ) സമ്മാനം നൽകുകയും ചെയ്യും. റാക ഇസ്‌ലാമിക് സെന്ററിന്റെ ആസ്ഥാനത്തു വെച്ചാണ് സമ്മാന വിതരണം നടക്കുക. സഊദിയിൽ ഉള്ളവര്‍ക്ക് നേരിട്ട് സ്വീകരിക്കാം പുറത്ത് നിന്നും പങ്കെടുക്കുന്നവര്‍ക്ക് പരിചയക്കാര്‍ വഴി സമ്മാനം സ്വീകരിക്കാം. കൂടുതല്‍ ദിവസം ഉത്തരമയക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചെറിയ പെരുന്നാള്‍ ദിനത്തില്‍ ബംബര്‍ പ്രൈസ് നൽകുമെന്നും സംഘാടകർ അറിയിച്ചു. ഓരോ ദിവസത്തെയും വിജയിയുടെ പേരുവിവരങ്ങള്‍ ടെലഗ്രാം ചാനലിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും പ്രഖ്യാപിക്കുന്നതാണ്. ക്വിസില്‍ പങ്കെടുക്കാന്‍ ഈ https://t.me/RICMalayalam ലിങ്കിൽ സൗകര്യമുണ്ട്.

റമദാന്‍ അഞ്ചു മുതല്‍ പതിമൂന്നു വരെയുള്ള ദിവസങ്ങളില്‍ ശരിയുത്തരമയച്ചവരില്‍ നിന്നും നറുക്കെടുപ്പില്‍ ഉമ്മുഐമന്‍ കൊല്ലം, ഷമീമ ടി കെ നിലമ്പൂര്‍, മുഹമ്മദ്‌ റെനീഷ് ദമാം, സുമയ്യ പാലക്കാട് ഒമാന്‍, നസ്‌ലി മുസ്തഫ അല്‍കോബാര്‍, അന്‍വര്‍ ഷാ കല്പകഞ്ചേരി ജുബൈല്‍, നസീമ യൂസഫ്‌ ഖത്തര്‍, അന്‍വര്‍ നീലഗിരി, മുഹമ്മദ് സല്‍മാന്‍ കുവൈത്ത് യഥാക്രമം വിജയികളായി. വിശുദ്ധ ഖുര്‍ആനീന്‍റെ അവതരണ മാസമായ റമദാനിലെ ഈ വിജ്ഞാന വിരുന്നു പ്രയോജനപ്പെടുത്താന്‍ എല്ലാ മലയാളികളും തയ്യാറാകണമെന്ന് റാക ഇസ്‌ലാമിക് സെന്റര്‍ മേധാവി ഷെയ്ഖ്‌ അബൂ ഖാലിദ്‌ സിയാദ് അദ്ദയില്‍, പ്രബോധക വിഭാഗം ഉപമേധാവി അബൂ ഉസാമ അല്‍രാജ്ഹി എന്നിവര്‍ അഭ്യര്‍ഥിച്ചു.

Most Popular

error: