റിയാദ്: സഊദിയിലെ സ്വപ്‌ന പദ്ധതിയായ നിയോമൈൽ ഹൈഡ്രജൻ വാഹനങ്ങളുടെ നിർമ്മാണ പ്ലാന്റ് വരുന്നു. നിയോം മെഗാ സിറ്റി പ്രോജക്ട് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹൈഡ്രജൻ പവർ സെല്ലുകൾ ഉപയോഗിച്ചുള്ള വാഹനങ്ങൾ ഭാവിയുടെ വാഹനമാകുമെന്നതിനാലാണ് കാർബൺ രഹിത വാഹന നിർമ്മാണത്തിലേക്ക് നിയോമിനെ തിരിക്കുന്നത്. ഇത്തരത്തിലുള്ള പതിനായിരം വാഹനങ്ങൾ വർഷത്തിൽ പുറത്തിറക്കാൻ ശേഷിയുള്ള നിർമ്മാണ യൂണിറ്റാണ് നിയോമിൽ വരുന്നത്.
യുഎസ് ആസ്ഥാനമായുള്ള ഹൈസോൺ മോട്ടോഴ്‌സുമായി സഊദി കമ്പനിയായ മോഡേൺ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ് ഗ്രൂപ്പും ഇത് സംബന്ധിച്ച കരാറിൽ ഒപ്പ് വെച്ചു. പൂജ്യം-എമിഷൻ ഹൈഡ്രജൻ ഇന്ധന സെൽ-പവർഡ് വാണിജ്യ വാഹനങ്ങൾ വിതരണം ചെയ്യുന്നതിൽ വിദഗ്ദ്ധരാണ് യുഎസ് ആസ്ഥാനമായുള്ള ഹൈസോൺ മോട്ടോഴ്‌സ്.
സഹകരണത്തിന്റെ ഭാഗമായി ഇരുവരും സംയുക്തമായി ഹൈസൺ മോട്ടോഴ്സ് മിഡിൽ ഈസ്റ്റ് (എംഇ) എന്ന പേരിൽ സംയുക്ത സംരംഭ കമ്പനി നിർമ്മിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. പ്രോജക്റ്റ് പൂർത്തിയാക്കുന്നതിനും ഹൈസോൺ ബ്രാൻഡഡ് സീറോ-എമിഷൻ വാണിജ്യ വാഹനങ്ങൾ സഊദിക്ക് പുറമെ ഗൾഫ് മേഖലകളിലും വിതരണം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സംയുക്ത സംരംഭ കമ്പനിയുടെ ലക്‌ഷ്യം.