ന്യൂഡൽഹി: കൊവിഡ് ദുരിതത്തില്‍ വലയുന്ന ഇന്ത്യക്ക് സഹായം വാഗ്ദാനം നൽകി കൂടുതൽ ഗൾഫ് രാജ്യങ്ങൾ രംഗത്ത്. അടിയന്തിര മെഡിക്കല്‍ സഹായമെത്തിക്കാനുള്ള ഉത്തരവടക്കം നൽകിയാണ് ഗൾഫ് ഭരണാധികാരികൾ ഇന്ത്യയെ ദുരന്ത കാലത്ത് ചേർത്ത് നിർത്തുന്നത്. ഏറ്റവും ഒടുവിൽ ഖത്തറിന്റെ പ്രഖ്യാപനമാണ് ഇന്ത്യക്ക് ആശ്വാസമാകുക. ബുധനാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇന്ത്യയിലേക്ക് അടിയന്തിര മെഡിക്കൽ സഹായമെത്തിക്കാൻ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനി നിർദേശം നൽകിയതായി ഖത്തർ ന്യൂസ് ഏജൻസി അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ അറബ് രാജ്യങ്ങൾ കൂടുതൽ ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഇന്ത്യക്ക് കൈമാറുമെന്നാണ് അറിയുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതോടെ വിമാനയാത്രാ വിലക്ക് പിൻവലിക്കുമെന്ന് വിവിധ ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
നിലവിലെ ഇന്ത്യയിലെ ഭയാനകമായ സാഹചര്യത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ഖത്തര്‍ അമീറുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. കൂടാതെ, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ഗൾഫ് ഭരണ നേതാക്കളുമായി കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഖത്തര്‍ വിദേശകാര്യ സെക്രട്ടറി ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ ദീപക് മിത്തലിനെ കണ്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തൊട്ടു പിറകിലാണ് ഖത്തർ അമീറിന്റെ തീരുമാനം ദേശീയ വാർത്താ ഏജൻസി പുറത്ത് വിട്ടത്. അടിയന്തിര ഉത്തരവാണെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു.
എന്നാല്‍, ഏതൊക്കെ തരത്തിലുള്ള സഹായങ്ങളാണുണ്ടാവുകയെന്ന് വ്യക്തമല്ല. വലിയ അളവ് ഓക്സിജന്‍ സിലിണ്ടറുകളാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് എംബസി ഇന്ന് പുറത്തിറക്കാന്‍ സാധ്യതയുണ്ട്.
ഇതോടെ ഇന്ത്യയിലേക്ക് അറബ് രാജ്യങ്ങളുടെ സഹായം ഒഴുകുകയാണ്. നേരത്തെ സഊദി, യു എ ഇ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഓക്സിജൻ അടക്കമുള്ള സഹായങ്ങൾ ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. ഗൾഫ് ഭരണാധികാരികളുടെ ഈ ഉദാര മനസ്കതക്ക് മുന്നിൽ പ്രാർത്ഥനാ പൂർവ്വം അഭിനന്ദനങ്ങൾ അർപ്പിക്കുകയാണ് പ്രവാസ ലോകം. അന്നം തരുന്ന നാട്ടിലെ ഭരണാധികാരികാരികളുടെ ഈ വിശാല മനസിന് അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയയിൽ പ്രവാസികൾ സജീവമാണ്.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇