ജിദ്ദ: അവധിക്ക് നാട്ടിൽ പോയി ഒരു വർഷത്തിലധികമായി തിരിച്ച് വരാനാവാതെ കുടുങ്ങിയ മഹാവി ഏരിയയിലെ പ്രവർത്തകർക്ക് മഹാവി ഏരിയ കെ എം.സി.സി കമ്മിറ്റി സാമ്പത്തിക സഹായം നൽകി. മഹാവി ഏരിയയിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്തിരുന്ന പത്ത് പേർക്ക് അയ്യായിരം രൂപ വീതമാണ് ആദ്യ ഘട്ടത്തിൽ സഹായം നാട്ടിലേക്ക് അയച്ച് കൊടുത്തത്. മഹാവി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സഹായ വിതരണത്തിന്റെ ഉദ്ഘാടനം കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര നിർവഹിച്ചു. നാട്ടിൽ കുടുങ്ങിയ പ്രവാസികൾ നിത്യ ചിലവിന് പോലും പ്രയാസപെടുമ്പോൾ സഹജീവികളോട് ആത്മാത്ഥമായ പ്രതിബദ്ധത വെച്ച് പുലർത്തുന്ന ഏറ്റവും മാതൃകാ പ്രവർത്തനമാണ് മഹാവി ഏരിയ കെഎംസിസി കമ്മിറ്റി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മഹാവി ഏരിയ കെഎംസിസി പ്രവർത്തകരുടെ ഈ മാതൃക പ്രവർത്തനത്തെ സെൻട്രൽ കമ്മിറ്റി അങ്ങേയറ്റം പ്രശംസിക്കുന്നതായും അരിമ്പ്ര പറഞ്ഞു.
കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് നോമ്പ് തുറ സംഘടിപ്പിച്ചത്. ഏരിയയിലെ നൂറ്റി അമ്പത് പേർക്ക് നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ അഞ്ചു മണിയോടെ പ്രവർത്തകർ അവരുടെ താമസ സ്ഥലങ്ങളിൽ എത്തിച്ച് കൊടുത്തത് കൊവിഡ് കാലത്ത് മറ്റൊരു മാതൃകയായി.
പരിപാടിയിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദു റഷീദ് എക്കാപറമ്പിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടി ഇസ്ഹാഖ് പൂണ്ടോളി മുഖ്യപ്രഭാഷണം നടത്തി. ആലിക്കുട്ടി കിളിനാടൻ പ്രസംഗിച്ചു.ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി ശുക്കൂർ അശ്റഫി സ്വാഗതവും മൻസൂർ നടക്കാവ് നന്ദിയും പറഞ്ഞു