Saturday, 27 July - 2024

കൊവിഡ് ടെസ്റ്റ് റിസൾട്ട് കരുതിയില്ല, കുട്ടികൾ ഉൾപ്പെടെ ബഹ്‌റൈനിലേക്കുള്ള നിരവധി പേരുടെ യാത്ര മുടങ്ങി

കരിപ്പൂർ: ബഹ്‌റൈനിലേക്ക് വരുന്ന ഇന്ത്യക്കാർ കൊവിഡ് ടെസ്റ്റ് റിസൾട്ട് കരുതണമെന്ന നിബന്ധന പാലിക്കാത്തതിനെ തുടർന്ന് നിരവധി പേരുടെ യാത്ര മുടങ്ങി. കോഴിക്കോട് നിന്ന് ഗൾഫ് എയറിൽ ബഹ്‌റൈനിലേക്ക് പോകാനായി എത്തിയവരെയാണ് ടെസ്റ്റ് റിസൾട്ട് കൈവശമില്ലെന്നതിനെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് മടക്കിയത്. ബഹ്‌റൈൻ പ്രഖ്യാപിച്ച പുതിയ നിബന്ധന അർദ്ധ രാത്രിയോടെ പ്രാബല്യത്തിൽ വരുന്നതിനാലാണ് തിങ്കളാഴ്ച വൈകീട്ട് കോഴിക്കോടു നിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ ഏതാനും പേരെ തിരിച്ചയച്ചത്.

യാത്രക്കായി എത്തിയ കുട്ടികളടക്കമുള്ള പത്തോളം പേരെയാണ് തിരിച്ചയച്ചത്. 161 പേരാണ് ഈ വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തിരുന്നത്. ഇതിൽ നാല് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് ഇല്ലാത്തതും മൂന്ന് യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റിെൻറ 48 മണിക്കൂർ സമയപരിധി കടന്നുപോയതുമാണ് പ്രശ്നമായത്. ഇതോടെ ഗത്യന്തരമായില്ലാതെ ഇവർ തിരിച്ചു പോകുയായിരുന്നു.

ഇന്ത്യയെ കൂടാതെ പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് തിങ്കളാഴ്ച മുതൽ ബഹ്‌റൈൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കുറിനുള്ളിൽ എടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റാണ് വേണ്ടത്. മാത്രമല്ല, സർട്ടിഫിക്കറ്റിൽ ക്യൂ ആർ കോഡും ഉണ്ടായിരിക്കണമെന്ന നിബന്ധയുമുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലും കുട്ടികൾക്കുൾപ്പെടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.

കുട്ടികൾക്ക് കൊവിഡ് പരിശോധന വേണോ എന്ന കാര്യത്തിൽ യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിെൻറ ഒരു അറിയിപ്പിൽ ആറ് വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാരും സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, എയർലൈൻസുകൾ ട്രാവൽ ഏജൻസികൾക്ക് നൽകിയ അറിയിപ്പിൽ എല്ലാ യാത്രക്കാർക്കും പരിശോധന വേണമെന്ന് വ്യക്തമാക്കിയിരുന്നു.

ഗൾഫ് എയർ കോഴിക്കോട്ടെ ട്രാവൽ ഏജൻസികൾക്ക് നൽകിയ അറിയിപ്പിൽ കുട്ടികളും ശിശുക്കളും ഉൾപ്പെടെ എല്ലാ യാത്രക്കാരും സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബഹ്റൈൻ എയർപോർട്ടിെൻറ ട്വിറ്റർ അക്കൗണ്ടിലും എല്ലാ യാത്രക്കാർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Most Popular

error: