കാഠ്‌മണ്ഡു: സഊദി പ്രവാസികൾക്ക് തിരിച്ചടിയായി നേപ്പാൾ സർക്കാരിന്റെ പുതിയ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിലെ അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമയായി വരുന്നതിനിടെയാണ് ചൊവ്വാഴ്ച്ച പുതിയ തീരുമാനവുമായി നേപ്പാൾ സർക്കാർ രംഗത്തെത്തിയത്. ഇതോടെ നേപ്പാൾ വഴിയുള്ള സഊദി യാത്ര താത്കാലികമായി പൂർണ്ണമായും അവസാനിക്കുകയാണെന്നാണ് സൂചനകൾ.
മറ്റൊരു രാജ്യത്തേക്ക് പോകാനായി ട്രാൻസിറ്റ് യാത്രക്കാരായി എത്തുന്നവർക്ക് നേപ്പാൾ വിലക്ക് ഏർപ്പെടുത്തിയതായുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ മാസം 28 മുതൽ നേപ്പാളിലെ തൃഭുവൻ വിമാനത്താവളം വഴി ഇനി മറ്റു രാജ്യങ്ങളിലേക്ക് പോകാനായി എത്തുന്നവരെ അനുവദിക്കുകയില്ല എന്നാണ് നേപ്പാൾ എമിഗ്രേഷൻ വകുപ്പ് അറിയിച്ചിരിക്കുന്നത്. കൊവിഡ് പുതിയ വകഭേദം സംഭവിച്ച വൈറസ് ലോകമാസകലം വ്യാപിക്കുന്നതിൽ മുൻകരുതക ഭാഗമായാണ് നടപടിയെന്നും അറിയിപ്പിൽ വ്യക്തമാക്കി.
28 ന് അർദ്ധരാത്രിയോടെയാണ് ഇത് നിലവിൽ വരികയെന്നും നേപ്പാളിലേക്ക് മാത്രമായി എത്തുന്നവർക്കുള്ള സർവ്വീസുകൾ സാധാരണ പോലെ നടക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.
അതേസമയം, അടിക്കടി തീരുമാനങ്ങൾ മാറ്റുന്ന നേപ്പാൾ സർക്കാർ നടപടി സഊദി പ്രവാസികളെ ആകെ ആശങ്കപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പല തവണ തീരുമാനങ്ങൾ മാറ്റിയെങ്കിലും അവസാനം എയർ ബബ്ൾ കരാറിൽ ഇന്ത്യ ഉള്ളതിനാൽ ഇന്ത്യക്കാർക്ക് യാത്ര ചെയ്യാനാകുമെന്ന അറിയിപ്പ് ഒടുവിൽ പുറത്തിറക്കിയിരുന്നു. എന്നാൽ, ഇതിന് ശേഷമാണ് രാത്രിയോടെ പുതിയ അറിയിപ്പ് വീണ്ടും ഇറക്കിയത്. ഏതായാലും യാത്രക്കൊരുങ്ങിയവർ പൂർണ്ണമായും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ തീരുമാനങ്ങൾ കൈകൊള്ളാവൂ.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇