Sunday, 6 October - 2024

നിലവിൽ നേപ്പാളിലുള്ള സഊദി യാത്രക്കാർക്ക് ആശ്വസിക്കാം

കാഠ്മണ്ഡു: വിദേശികൾക്ക് പി സി ആർ ടെസ്റ്റ് നടത്തരുതെന്ന നിർദേശത്തെ തുടർന്ന് ആശങ്കയിലായ നിലവിൽ നേപ്പാളിലുള്ള യാത്രക്കാർക്ക് ആശ്വാസം. നിലവിൽ നേപ്പാളിൽ ഉള്ളവരെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സർക്കാർ നിർദേശം നൽകിയതയാണ് റിപ്പോർട്ടുകൾ. ഇതോടെ, ഇന്നലെ പി സി ആർ ടെസ്റ്റ് തടഞ്ഞു കൊണ്ടുള്ള വാർത്ത പുറത്ത് വന്നത് മുതൽ ആശങ്കയിലായ നേപ്പാളിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് ആശ്വാസമായി. നിയന്ത്രണം പ്രഖ്യാപിച്ച ഞായറാഴ്ച വരെ നേപ്പാളിൽ എത്തിയവർക്ക് പി സി ആർ ടെസ്റ്റുകൾ നൽകണമെന്ന് സർക്കാർ ഉത്തരവ് നൽകിയതായാണ് നേപ്പാളിൽ നിന്നുള്ള വാർത്തകൾ.

പ്രവാസികൾക്ക് ഏറെ നിരാശ നൽകി, നേപ്പാൾ വഴി മറ്റൊരു രാജ്യത്തേക്ക് ട്രാൻസിറ്റ് മാർഗ്ഗത്തിൽ പോകുന്ന വിദേശികൾക്ക് നേപ്പാളിൽ നിന്ന് പി സി ആർ ടെസ്റ്റ് അനുവദിക്കില്ല എന്ന പുതിയ തീരുമാനം ഇന്നലെയാണ് നേപ്പാൾ സർക്കാർ പുറത്തിറക്കിയത്. ഇനി മുതൽ നേപ്പാൾ പൗരന്മാർക്ക് മാത്രമേ പി സി ആർ ടെസ്റ്റ് നടത്താൻ പാടുള്ളൂവെന്നാണ് ഉത്തരവ്. കൂടാതെ, നയതന്ത്ര ഏജൻസികളുടെയും മിഷനുകളുടെയും ഉദ്യോഗസ്ഥർ, അവരുടെ കുടുംബങ്ങൾ, രാജ്യത്ത് കൂടുതൽ കാലം താമസിക്കുന്ന വിദേശികൾ എന്നിവർക്കും മാത്രമേ അവരുടെ രേഖകൾ പരിശോധിച്ചതിനുശേഷം മാത്രം പി സി ആർ ടെസ്റ്റ് പാടുള്ളൂവെന്നാണ് അറിയിച്ചിട്ടുള്ളത്.

മൂന്നാം രാജ്യത്തേക്ക് പോകുന്നതിന് മുമ്പ് അല്ലെങ്കിൽ രാജ്യത്ത് നിന്ന് വരുന്നതിന് മുമ്പ് നേപ്പാൾ ഒരു യാത്രാമാർഗമാക്കി മാറ്റുന്ന വിദേശികളെ ടെസ്റ്റുകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാനാണ് ലാബുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ അത്തരം പരീക്ഷണങ്ങൾ നടത്തുന്നലാബുകളെയും വ്യക്തികളെയും നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി കൈകാര്യം ചെയ്യുമെന്നും നോട്ടിസിൽ അറിയിച്ചതായി നേപ്പാളിലെ ദി ഹിമാലയൻ പത്രം റിപ്പോർട്ട് ചെയ്തു.

എന്നാൽ, നിലവിൽ നേപ്പാളിൽ എത്തിച്ചേർന്നവർക്ക് സഊദി യാത്ര തടസപ്പെടില്ലെന്നാണ് ഇന്നത്തെ നിർദേശത്തിൽ സൂചിപ്പിക്കുന്നത്. അതേസമയം, ഇനി നേപ്പളിൽ എത്തുന്നവർക്ക് പി സി ആർ ടെസ്റ്റ് അനുവദിക്കില്ല എന്നതിനാൽ നേപ്പാൾ വഴി സഊദി യാത്രക്ക് താത്കാലിക വിരാമം ആയിരിക്കുകയാണ്.

കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/Fc49WMCXbT70HiMZV8MESl

Most Popular

error: