കാഠ്മണ്ഡു: നേപ്പാൾ വഴിയുള്ള സഊദി യാത്രക്ക് വിഘാതമായി പുതിയ തീരുമാനം. നേപ്പാൾ വഴി മറ്റൊരു രാജ്യത്തേക്ക് ട്രാൻസിറ്റ് മാർഗ്ഗത്തിൽ പോകുന്ന വിദേശികൾക്ക് നേപ്പാളിൽ നിന്ന് പി സി ആർ ടെസ്റ്റ് അനുവദിക്കില്ല എന്ന പുതിയ തീരുമാനമാണ് പ്രവാസികൾക്ക് തിരിച്ചടിയായത്. ഇതോടെ സഊദിയിലേക്ക് പ്രവേശിക്കുന്നതിനു ആവശ്യമായ പി സി ആർ ടെസ്റ്റ് ഇവിടെ നിന്ന് നടത്താൻ സാധിക്കാത്തതോടെ നേപ്പാൾ വഴിയുള്ള യാത്രയും നിലക്കും.
ഇനി മുതൽ നേപ്പാൾ പൗരന്മാർക്ക് മാത്രമേ പി സി ആർ ടെസ്റ്റ് നടത്താൻ പാടുള്ളൂവെന്ന ഉത്തരവ് ആരോഗ്യ മന്ത്രി ഹൃദയിഷ് തൃപതി പുറത്തിറക്കി. കൂടാതെ, നയതന്ത്ര ഏജൻസികളുടെയും മിഷനുകളുടെയും ഉദ്യോഗസ്ഥർ, അവരുടെ കുടുംബങ്ങൾ, രാജ്യത്ത് കൂടുതൽ കാലം താമസിക്കുന്ന വിദേശികൾ എന്നിവർക്കും മാത്രമേ അവരുടെ പേപ്പറുകൾ പരിശോധിച്ചതിനുശേഷം മാത്രം പി സി ആർ ടെസ്റ്റ് പാടുള്ളൂവെന്നാണ് അറിയിച്ചിട്ടുള്ളത്.
മൂന്നാം രാജ്യത്തേക്ക് പോകുന്നതിന് മുമ്പ് അല്ലെങ്കിൽ രാജ്യത്ത് നിന്ന് വരുന്നതിന് മുമ്പ് നേപ്പാൾ ഒരു യാത്രാമാർഗമാക്കി മാറ്റുന്ന വിദേശികളെ ടെസ്റ്റുകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാനാണ് ലാബുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ അത്തരം പരീക്ഷണങ്ങൾ നടത്തുന്നലാബുകളെയും വ്യക്തികളെയും നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി കൈകാര്യം ചെയ്യുമെന്നും നോട്ടിസിൽ അറിയിച്ചതായി നേപ്പാളിലെ ദി ഹിമാലയൻ പത്രം റിപ്പോർട്ട് ചെയ്തു.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/Fc49WMCXbT70HiMZV8MESl