ജിദ്ദ: ചെമ്മാട് ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്‌മയായ ‘ഹാദിയ’ യുടെ കീഴിൽ കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിൽ നടന്നു വരുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ജിദ്ദ കെഎംസിസി പങ്കാളിയാവുന്നു. ഇതിന്റെ ഭാഗമായി കെഎംസിസി സെൻട്രൽ കമ്മിറ്റി ഏറ്റെടുത്ത പത്ത് മദ്റസ ക്‌ളാസുകൾക്കുള്ള ധന സഹായം സെൻട്രൽ കമ്മിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ‘ഹാദിയ’ ജിദ്ദ ചാപ്റ്റർ സെക്രട്ടറി നജ്മുദ്ധീൻ ഹുദവിക്ക് കൈമാറി.
ബീഹാറിലെ കിഷൻ ഗഞ്ചിൽ കഴിഞ്ഞയാഴ്‌ച പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ തറക്കല്ലിട്ട കൊർഡോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സെലൻസ് ഉൾപ്പെടെ ഹാദിയയുടെ കീഴിൽ വിവിധ സംസ്ഥാങ്ങളിൽ നടന്ന് വരുന്ന എണ്ണൂറോളം മദ്‌റസകൾ പിന്നോക്കം നിൽക്കുന്ന പാവപ്പെട്ട മുസ്‍ലിം വിദ്യാർത്ഥികളെ ഉയർത്തിക്കൊണ്ടു വരുന്നതിനുതകുന്നതാണെന്നും ഡോ. സുബൈർ ഹുദവി, ശറഫുദ്ധീൻ ഹുദവി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നു വരുന്ന സേവനങ്ങൾ ശ്‌ളാഘനീയമാണെന്നും കെഎംസിസി ഭാരവാഹികൾ പറഞ്ഞു.
സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി. കെ റസാഖ് മാസ്റ്റർ, ചെയർമാൻ നിസാം മമ്പാട്, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, ലത്തീഫ് മുസ്‌ലിയാരങ്ങാടി, എ.കെ ബാവ, ജലാൽ തേഞ്ഞിപ്പലം, ഹുസൈൻ കരിങ്ക, മജീദ് പുകയൂർ, എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ, ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, മുസ്‌തഫ ഹുദവി കൊടക്കാട്, ഉസ്മാൻ എടത്തിൽ, കോയ മൂന്നിയൂർ തുടങ്ങിയവർ സംബന്ധിച്ചു.
ഹാദിയയുടെ ദേശീയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ജിദ്ദയിൽ നിന്നും ഏറ്റവും വലിയ സഹായം നൽകിയ കെഎംസിസി സെൻട്രൽ കമ്മിറ്റിയെ ഹാദിയ ജിദ്ദ ഭാരവാഹികൾ അഭിനന്ദിച്ചു.