റിയാദ്: സഊദിയിൽ നിന്നുള്ള വിമാന യാത്ര ‘തവക്കൽന’ ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് വൈറസ് സ്വീകരിക്കാത്തവർ, വാക്സിൻ എടുത്തവർ എന്നിങ്ങനെ രണ്ട് വിഭാഗം ആളുകൾക്ക് മാത്രമായിരിക്കുമെന്ന സിവിൽ എവിയേഷൻ അതോറിറ്റി അറിയിപ്പ് വന്നതോടെ വിമാനത്താവളങ്ങളിൽ പരിശോധനയും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ വിമാനത്താവളങ്ങൾ വഴി വൈറസ് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള ശക്തമായ നടപടികളാണ് അധികൃതർ കൈകൊള്ളുന്നത്. ഇതിന്റെ ഭാഗമായാണ് ബോർഡിങ് പാസ് പോലും ‘തവക്കൽന’യുമായി ബന്ധപ്പെടുത്തിയത്.
വിമാനത്താവളത്തിൽ മൂന്ന് ഘട്ടമായി ഇക്കാര്യം പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. മൂന്ന് മേഖലകളിലെ പരിശോധന പൂർത്തിയാക്കാതെ യാത്ര അനുവദിക്കില്ലെന്നാണ് സിവിൽ എവിയേഷൻ അതോറിറ്റി അറിയിച്ചത്.
വിമാനത്താവള പ്രവേശന കവാടത്തിലായിരിക്കും ആദ്യ പരിശോധന. എയർപോർട്ട് ജോലിക്കാർ, യാത്രികർ, ഉദ്യോഗസ്ഥർ, സന്ദർശകർ എന്നിവരെ ഇവിടെ പരിശോധനക്ക് വിധേയരാക്കും. പിന്നീട് യാത്രക്കാരെ ബോർഡിങ് പാസ്സ് ഇഷ്യു ചെയ്യുന്ന ചെക്ക് ഇൻ കേന്ദ്രങ്ങളിലും ഒടുവിൽ വിമാനത്തിലേക്ക് കയറുന്നതിന്റെ തൊട്ടു മുമ്പും ‘തവക്കൽന’ സ്റ്റാറ്റസ് പരിശോധനക്ക് വിധേയമാക്കും.
കഴിഞ്ഞ ദിവസമാണ് വിമാന യാത്രക്കാരെ ‘തവക്കൽന’ ആപ്പുമായി ബന്ധിപിക്കാൻ സഊദി സിവിൽ എവിയേഷൻ അതോറിറ്റി നിർദേശം നൽകിയത്. ‘തവക്കൽന’യിൽ വാക്സിൻ സ്വീകരിച്ചവർ അല്ലെങ്കിൽ കൊറോണ സ്ഥിരീകരിക്കാത്തവർ എന്നീ രണ്ട് സ്റ്റാറ്റസുകളിലൊന്ന് പ്രത്യക്ഷപ്പെട്ടാൽ മാത്രമേ ബോഡിംഗ് പാസ് ഇഷ്യു ചെയ്യുകയുള്ളൂവെന്നാണ് അറിയിപ്പ്
യത്രക്കാരുടെ ടിക്കറ്റ് സംബന്ധിച്ച വിവരങ്ങളും ‘തവക്കൽന’യിലെ വിവരങ്ങളും ഇതിനായി ബന്ധിപ്പിക്കണമെന്ന് സിവിൽ ഏവിയേഷൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് കാരണം യാത്ര മുടങ്ങുന്നവർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകണമെന്ന് യാത്രക്കാരെ എസ് എം എസ് മുഖേന അറിയിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇