Thursday, 19 September - 2024

‘ദയ’ചാരിറ്റി സെന്റർ കാംപയിൻ ഉത്ഘാടനം ചെയ്തു

ജിദ്ദ: സമൂഹത്തിന്റെ താഴേ തട്ടിലുള്ള ദരിദ്രരും പാവപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്ക് സർക്കാർ സംവിധാനങ്ങളിലൂടെ നൽകേണ്ടുന്ന ആരോഗ്യപരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകാതെ വരുമ്പോൾ മുസ്ലിംലീഗ് നേതൃത്വം നൽകുന്ന സി എച്ച് സെന്ററുകളെ പോലെയുള്ള സംവിധാനങ്ങളെയാണ് ജനങ്ങൾ ആശ്രയിക്കുന്നതെന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ് സഹായിക്കുന്നത് സുമനസ്സുകളായ പ്രവാസികളാണെന്നും ജിദ്ദ കെ എം സി സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങളിൽ പോലും പ്രതിസന്ധികളെ തരണം ചെയ്ത് ഇത്തരം സംവിധാനങ്ങളെ സഹായിക്കാൻ പ്രവാസികൾ തയ്യാറായിട്ടുണ്ട്. ലോകമൊന്നടങ്കം കൊറോണ മഹാമാരിക്ക് മുമ്പിൽ വിറങ്ങലിച്ച് നിന്നപ്പോൾ ഭക്ഷണങ്ങളും ജീവൻരക്ഷാ മരുന്നുകളും ആവശ്യക്കാർക്ക് എത്തിച്ച് കൊടുത്തും വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് നാട്ടിലെത്താനുള്ള യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തിയും  കെ എം സി സി യെ പോലുള്ള മുസ്ലിംലീഗിന്റെ പോഷക ഘടകങ്ങൾ ചെയ്ത കാരുണ്യ പ്രവർത്തനങ്ങൾ ആശ്വാസമായത് നിരവധി ആളുകൾക്കാണ്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് ദയ ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ അശരണർക്കും ആലംബഹീനർക്കും ഏറെ ആശ്വസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ദയ’ ചാരിറ്റി സെന്റർ ജിദ്ദ ചാപ്റ്ററിന്റെ ഒരു മാസം നീണ്ടു നിൽക്കുന്ന വിഭവ സമാഹരണ കാംപയിൻ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബഗ്ദാദിയ്യ ഇംപീരിയല്‍ റെസ്റ്റോറന്‍റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജലാല്‍ തേഞ്ഞിപ്പലം അധ്യക്ഷത വഹിച്ചു. മുസ്തഫ ഹുദവി കൊടക്കാട് റമദാന്‍ സന്ദേശം നല്‍കി.
ജിദ്ദ കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ സി. കെ.എ റസാഖ് മാസ്റ്റര്‍, മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലന്‍, ഇസ്ഹാഖ് പൂണ്ടോളി, സാബില്‍ മമ്പാട്, എം പി ജാഫര്‍ തേഞ്ഞിപ്പലം, അബ്ദുസമദ് പൊറ്റയില്‍, അബ്ദുല്‍ ലത്തീഫ് അരീക്കന്‍, റഷീദ് പറങ്ങോടത്ത്, എം പി എ റഹൂഫ് എന്നിവര്‍ പ്രസംഗിച്ചു.

അമാസി ഗ്രൂപ്പ് മാനേജർ ഷഫീഖ് തറിയില്‍ നിന്ന് ആദ്യ ഘഡു സ്വീകരിച്ച് വിഭവ സമാഹരണ ക്യാമ്പയിന്റെ ഉദ്ഘാടനം അബൂബക്കര്‍ അരിമ്പ്ര നിര്‍വ്വഹിച്ചു.

ജനറൽ സെക്രട്ടറി മജീദ് പുകയൂര്‍ സ്വാഗതവും നൂര്‍ മുഹമ്മദ് പാലത്തിങ്ങല്‍ നന്ദിയും പറഞ്ഞു.
ഇ. വി അബ്ദുനാസര്‍ ഖിറാഅത്ത് നടത്തി.

Most Popular

error: