യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാനിൽ മരിച്ചവരുടെ എണ്ണം 1000 കടന്നതായി റിപ്പോർട്ടുകൾ. 1097 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ 181 പേർ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 5402 പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്.
ഇറാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം നടന്നത് 104 ആക്രമണങ്ങളാണ്. കിഴക്കൻ ലെബനനിലെ ബാൽബെക്ക് നഗരത്തിൽ നടന്ന ഇസ്രയേൽ ആക്രമണത്തിലും 6 പേർ കൊല്ലപ്പെതായും 8 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തെക്കൻ ലെബനനിലെ പ്രദേശവാസികളോട് ഒഴിഞ്ഞുപോകാനും ഇസ്രയേൽ നിർദേശം നൽകിയിട്ടുണ്ട്. 16 ഗ്രാമങ്ങളിലെ താമസക്കാരോടാണ് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ വിവിധ ആക്രമണങ്ങളിൽ ലെബനനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. 335 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം, ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. യുഎസ് എംബസിയുടെ ലോജിസ്റ്റിക്കൽ സപ്പോർട്ട് ക്യാമ്പിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സുരക്ഷാ, അപകട സാധ്യത കണക്കിലെടുത്ത് യുഎസ് പൗരന്മാരോട് സൈപ്രസ് വിടുവാനും യുഎസ് നിർദേശം നൽകിയിട്ടുണ്ട്.
ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാരും ശ്രമം തുടങ്ങിയിട്ടുണ്ട്. 9000ത്തോളം ഇന്ത്യൻ പൗരന്മാരെ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളിൽ നിന്നും കൂടുതൽ സുരക്ഷിതമായ മേഖലകളിലേക്ക് മാറ്റിയതായും ടെഹ്റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.





