റിയാദ്: അന്താരാഷ്ട്ര വിമാന സർവ്വീസുമായി ബന്ധപ്പെട്ട് സഊദി എയർലൈൻസ് പുതിയ വിശദീകരണം പുറത്തിറക്കി. ലക്ഷ്യസ്ഥാനങ്ങൾ പതിവായി അപ്‌ഡേറ്റ് ചെയ്യുമെന്നും സഊദി അധികൃതർ എടുക്കുന്ന തീരുമാനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും വിദേശ രാജ്യങ്ങളിലെ ട്രാവൽ കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുകയെന്നും പ്രസ്താവനയിൽ അറിയിച്ചു. സഊദി അറേബ്യൻ എയർലൈൻസ് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തങ്ങളുടെ യാത്രാ സംബന്ധമായ കാര്യങ്ങൾ യഥാ സമയം വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുമെന്നും https://bit.ly/3suX5k1 എന്ന ലിങ്കിൽ അവ കാണാമെന്നും സഊദി ദേശീയ വിമാന കമ്പനിയ സഊദി എയർലൈൻസ് അറിയിച്ചു.
കൊറോണ വൈറസ് മഹാമാരി ആഗോള വ്യാപനം മൂലം ഒരു വർഷം മുമ്പ് സർവീസ് നിർത്തിവച്ച സഊദയ സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ ഒരുങ്ങുകയാണ്. സഊദിയയുടെ ലിങ്കിൽ യാത്ര അനുവദനീയവും അല്ലാത്തതുമായ രാജ്യങ്ങളുടെ പട്ടിക വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം ബന്ധപ്പെട്ട രാജ്യങ്ങളുടെ യാത്രയ്ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുകയും ആവശ്യമായ അനുമതികൾ നേടുകയും ചെയ്യുന്നതുൾപ്പെടെയുള്ള പൊതു ഉപദേശങ്ങളും അറിയാനാകും.
എന്നാൽ, മുൻകൂട്ടി അറിയിക്കാതെ തന്നെ വ്യവസ്ഥകളും നടപടിക്രമങ്ങളും നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നതിന് വിധേയമാണെന്ന് എയർലൈൻസ് പറഞ്ഞു. യാത്രയ്ക്ക് മുമ്പ് ഔദ്യോഗികവും അംഗീകൃതവുമായ സ്രോതസ്സുകളിൽ നിന്ന് യാത്ര ചെയ്യാൻ ആവശ്യമായ വ്യവസ്ഥകളെയും മാർഗ്ഗനിർദ്ദേശങ്ങളെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ യാത്രക്കാർ പരിശോധിക്കുകയും സഊദി അറേബ്യയിലെ അംഗീകൃത കേന്ദ്രങ്ങളിലൊന്നിൽ നിന്ന് പിസിആർ മെഡിക്കൽ ടെസ്റ്റ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യണമെന്ന് എയർലൈൻ ചൂണ്ടിക്കാട്ടി.
മെയ് 17 തിങ്കളാഴ്ച പുലർച്ചെ ഒരു മണി മുതൽ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളുടെയും വിലക്ക് നീക്കുമെന്ന് സഊദിയ അടുത്തിടെ അറിയിച്ചിരുന്നു. എന്നാൽ, ബന്ധപ്പെട്ട സമിതി യാത്ര താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ച രാജ്യങ്ങൾക്ക് ഇത് ബാധകമല്ലെന്നും അറിയിച്ചിരുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി 20 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി 3 മുതൽ പ്രഖ്യാപിച്ചിരുന്നു.
അർജന്റീന, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജർമ്മനി, അമേരിക്ക, ഇന്തോനേഷ്യ, ഇന്ത്യ, ജപ്പാൻ, അയർലൻഡ്, ഇറ്റലി, പാകിസ്ഥാൻ, ബ്രസീൽ, പോർച്ചുഗൽ, യുണൈറ്റഡ് കിംഗ്ഡം, തുർക്കി, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിസ് കോൺഫെഡറേഷൻ, ഫ്രാൻസ് , ലെബനൻ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ലിസ്റ്റിൽ ഉള്ളത്. എന്നാൽ, മെയ് 17 ന് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ അപ്ഡേറ്റ് വരുമ്പോൾ ചില രാജ്യങ്ങളെ ലിസ്റ്റിൽ നീക്കിയെക്കും. ഇന്ത്യയെ ലിസ്റ്റിൽ നിന്നും നീക്കുമോ വിലക്ക് തുടരുമോ എന്ന കാര്യത്തിൽ ആശങ്കയോടെ കാത്തിരിക്കുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ
കൂടുതൽ സഊദി വാർത്തകൾക്കും പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകൂ